▶️പരുമല പെരുനാള്‍: വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍തല യോഗം

0 second read
0
495

പരുമല ▪️ 26 മുതല്‍ നവംബര്‍ രണ്ട് വരെ നടക്കുന്ന പരുമല പെരുനാളിന്റെ സുഗമമായ നടത്തിപ്പിനായി സര്‍ക്കാര്‍ തലത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പരുമല സെമിനാരിയില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു.

മന്ത്രിമാരായ സജി ചെറിയാന്‍, വീണാ ജോര്‍ജ്ജ്, മാത്യു ടി. തോമസ് എം.എല്‍.എ, പത്തനംതിട്ട കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്താന്‍ പാടില്ലെന്നും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രത്യേകം ശേഖരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂര്‍, കോട്ടയം, ചങ്ങനാശ്ശേരി, കൊട്ടാരക്കര, പത്തനംതിട്ട, മല്ലപ്പള്ളി, അടൂര്‍ ഡിപ്പോകളില്‍ നിന്ന് പരുമലയിലേക്കും തിരിച്ചുമുള്ള സര്‍വീസ് വിപുലപ്പെടുത്തണം.

മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് പ്രവര്‍ത്തിക്കണം. വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തി സ്ഥാപിക്കുന്നത് പ്രധാനപ്പെട്ടതാണെന്നും കുടിവെള്ളസൗകര്യം പഞ്ചായത്തിന്റെ സഹകരണത്തോടെ ഉറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച രീതിയിലുളള സേവനവും ക്രമീകരണങ്ങളും ഉറപ്പാക്കണം. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെയും നിയോഗിക്കുമെന്ന് മന്ത്രി വീണാജോര്‍ജ് പറഞ്ഞു.

പെരുന്നാള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഭക്ഷ്യവകുപ്പിന്റെ പരിശോധനകള്‍ കര്‍ശനമാക്കണം. പരുമലയിലും പരിസര പ്രദേശങ്ങളിലും ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ പരിശോധിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡിനെ രൂപീകരിക്കണം. കേന്ദ്രസര്‍ക്കാരിന്റെ ഒരു രഹസ്യ സ്‌ക്വാഡ് ഉണ്ടാകും. ക്ലോറിനേഷന്‍, ഫോഗിംഗ് പോലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണം.

പിഡബ്ല്യുഡി തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് റോഡിന്റെ വശങ്ങളിലുള്ള കാട് വെട്ടി വൃത്തിയാക്കണമെന്നും മേജര്‍ ഇറിഗേഷന്റെ നേതൃത്വത്തില്‍ പുഴകളുടെ വശങ്ങളില്‍ അപകടസാധ്യതാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.

ജല അതോറിറ്റി ആര്‍ ഒ പ്ലാന്റ് സ്ഥാപിക്കണമെന്ന് മാത്യു ടി.തോമസ് എം.എല്‍.എ നിര്‍ദേശിച്ചു. പരുമല നടപ്പാലത്തിലെ വിള്ളല്‍ മൂലം അപകടം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം.

വിപുലമായ ജനപങ്കാളിത്തത്തോടെ പെരുനാള്‍ നടത്തുന്നതിനാവശ്യമായ സര്‍ക്കാര്‍ തല ക്രമീകരണങ്ങള്‍ നടപ്പിലാക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

പെരുനാളുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് പ്രത്യേകമായി യോഗം വിളിച്ചു ചേര്‍ക്കുമെന്ന് ആലപ്പുഴ എഡിഎം എസ്. സന്തോഷ്‌കുമാര്‍ പറഞ്ഞു.

ഭക്ഷ്യ സുരക്ഷാ, കെഎസ്ആര്‍ടിസി സര്‍വ്വീസ്, റോഡ് അറ്റകുറ്റപ്പണി എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പെരുനാളുമായി ബന്ധപ്പെട്ട് പ്രത്യേക പോലീസ് കണ്‍ട്രോള്‍ റൂം തുറക്കും. സിസിടിവികള്‍ ക്രമീകരിക്കും. കടകള്‍ ലേലത്തിലെടുക്കുന്നവരുടെ ഐഡി പ്രൂഫ് പരിശോധന കര്‍ശനമാക്കും. അനധികൃത കച്ചവടക്കാരെ ഒഴിവാക്കും. 350 പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിക്കുമെന്നും ആവശ്യമായ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പാടാക്കും.

പെരുനാളുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ആംബുലന്‍സ് സേവനം ഒരുക്കുകയും മെഡിക്കല്‍ ടീമിനെ സജ്ജമാക്കുകയും ചെയ്യും. പുളിക്കീഴ് ബ്ലോക്കില്‍ ഫസ്റ്റ് എയിഡ് പോസ്റ്റ് ക്രമീകരിക്കും. തിരുവല്ല താലൂക്ക് ആശുപത്രിയിലും ചാത്തങ്കേരി സിഎച്ച്‌സിയിലും മെഡിക്കല്‍ ടീമിനെ സജ്ജമാക്കും.

അഗ്‌നിരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവല്ല, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയെ ഒരു യൂണിറ്റിനെ നിയോഗിക്കും. കടപ്ര പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പാതയോരങ്ങള്‍ വൃത്തിയാക്കുകയും തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കുകയും ചെയ്യും.

വൈദ്യുതി മുടങ്ങാതിരിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ കെഎസ്ഇബി ഒരുക്കും. ടാപ്പുകളിലൂടെയുള്ള കുടിവെള്ള വിതരണം ജല അതോറിറ്റി ഉറപ്പാക്കും. പെരുനാള്‍ കാലത്ത് അടിയന്തിര സാഹചര്യം ഉണ്ടായാല്‍ നേരിടുന്നതിന് ഫയര്‍ഫോഴ്‌സ് പ്രത്യേക സജീകരണം ഒരുക്കും. വ്യാജമദ്യവില്‍പനയും നിരോധിത ലഹരിവസ്തുക്കളുടെ വില്‍പനയും തടയുന്നതിന് എക്‌സൈസ് വകുപ്പ് പെട്രോളിംഗ് ശക്തമാക്കും.

ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.കെ.വി പോള്‍ റമ്പാന്‍, പത്തനംതിട്ട എസ്.പി അജിത്ത് .വി, പത്തനംതിട്ട ഡി.എം.ഓ ഡോ. എല്‍. അനിതകുമാരി, തിരുവല്ല ഡി.വൈ.എസ്.പി അഷാദ് .എസ്, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന്‍, ചെങ്ങന്നൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൂസമ്മ എബ്രഹാം, പരുമല കൗണ്‍സില്‍ അംഗങ്ങളായ മാത്യു ഉമ്മന്‍ അരികുപുറം, പി.എം ജോസ് പുത്തന്‍പുരയില്‍, മനോജ് പി. ജോര്‍ജ്, മത്തായി ടി. വര്‍ഗീസ്, പരുമല ആശുപത്രി കൗണ്‍സില്‍ അംഗം അലക്‌സ് അരികുപുറം എന്നിവര്‍ പങ്കെടുത്തു.

Load More Related Articles
Load More By News Desk
Load More In LOCAL NEWS

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…