പാരിസ് ▪️ ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം. സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ വെങ്കലം നിലനിര്‍ത്തിയത്.
2021 ടോക്കിയോ ഒളിംപിക്‌സിലും ഇന്ത്യ വെങ്കലമെഡല്‍ കരസ്ഥമാക്കിയിരുന്നു. ഇരട്ടഗോളുമായി തിളങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യയുടെ വിജയശില്‍പ്പിയായത്.
പാരിസ് ഒളിംപിക്‌സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പറും മലയാളി താരവുമായ പി.ആര്‍ ശ്രീജേഷിന് വെങ്കലത്തോടെ വിടവാങ്ങാം.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. ഒന്നാം ക്വാര്‍ട്ടറിലെ 18ാം മിനിറ്റില്‍ സ്‌പെയിനാണ് ആദ്യം ലീഡെടുത്തത്. പെനാല്‍റ്റി സ്‌ട്രോക്കിലൂടെ മാര്‍ക്ക് മിറാലസാണ് സ്പാനിഷ് പടയുടെ ഗോള്‍ നേടിയത്.
ഗോള്‍ വഴങ്ങിയതോടെ തിരിച്ചടിക്കാന്‍ ഇന്ത്യ ആക്രമണം കടുപ്പിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ ഹര്‍മ്മന്‍പ്രീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ഇന്ത്യയുടെ സമനില ഗോള്‍.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഹര്‍മ്മന്‍പ്രീത് ഇന്ത്യയുടെ സ്‌കോര്‍ ഇരട്ടിയാക്കി. 33ാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ രണ്ടാം ഗോള്‍. ഇതോടെ ടൂര്‍ണമെന്റില്‍ ഹര്‍മ്മന്‍പ്രീതിന്റെ ഗോള്‍നേട്ടം പത്തായി.