പാലക്കാട് ▪️പാലക്കാട് പനയമ്പാടത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 4 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം.
ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. മരിച്ച നാലുപേരും 8ാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ്. 5 പെണ്‍കുട്ടികളാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ 4 പേരും മരിച്ചു.
റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. സിമന്റ് ലോറിക്കടിയില്‍ 5 കുട്ടികള്‍ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്ന് ലോറി ക്രെയിന്‍ ഉപയോഗിച്ച് പൂര്‍ണമായും ഉയര്‍ത്തുകയായിരുന്നു.
മരിച്ച 4 പെണ്‍കുട്ടികളുടെ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ രണ്ട് ലോറി ഡ്രൈവറും ക്ലീനറും മദര്‍ കെയര്‍ ആശുപതിയിലുണ്ട്. ക്ലീനറുടെ കാലിന് ഒടിവുണ്ട്.
അപകടം നടന്നയുടനെ തന്നെ നാട്ടുകാര്‍ ഉള്‍പ്പെടെ ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
നിയന്ത്രണം വിട്ടെത്തിയ ലോറി വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറയുന്നു.
അപകടത്തില്‍ പരിക്കേറ്റ് ആരോഗ്യ നില ഗുരുതരമായ വിദ്യാര്‍ത്ഥികളാണ് മരണത്തിന് കീഴടങ്ങിയത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
സ്‌കൂളിന് സമീപത്ത് വെച്ചാണ് ദാരുണാപകടം ഉണ്ടായത്. സിമന്റ് ലോഡ് കയറ്റി വന്ന ലോറി വിദ്യാര്‍ത്ഥികളെ ഇടിച്ചുകയറിയശേഷം റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്.
സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. സ്ഥിരം അപകടമുണ്ടാവുന്ന പനയമ്പാടത്താണ് ഇന്നും അപകടമുണ്ടായത്. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.