തൃശൂര്‍ ▪️ സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാടിന്റെ ജി. താരയും പി. അഭിറാമും വേഗതാരങ്ങള്‍.
സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ പി. അഭിറാം സ്വര്‍ണം നേടി. 11.10 സെക്കന്റുകളാണ് അഭിറാം ഇതിനായി എടുത്തത്. സ്‌കൂള്‍ കായികോത്സവത്തില്‍ ഇത് അഭിറാമിന്റെ രണ്ടാം സ്വര്‍ണമാണ്. 400 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡോടെ അഭിറാം സ്വര്‍ണം നേടിയിരുന്നു.
സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ പാലക്കാടിന്റേയും കേരളത്തിന്റെ തന്നെയും താരമായി മാറിയത് ജി. താരയാണ്. 12.35 സെക്കന്റുകള്‍ മാത്രമാണ് താര ഇതിനായി എടുത്തത്. 100 മീറ്ററില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് ജി താര സ്വര്‍ണം നേടുന്നത്.
കായികോത്സവത്തില്‍ പാലക്കാടന്‍ കുതിപ്പാണ് ദൃശ്യമാകുന്നത്. 79 പോയിന്റുകളോടെ പാലക്കാട് മുന്നേറ്റം തുടരുകയാണ്. ഒന്‍പത് സ്വര്‍ണവും 10 വെള്ളിയും നാല് വെങ്കലവുമാണ് പാലക്കാട് ഇതുവരെ നേടിയിരിക്കുന്നത്.
59 പോയിന്റുമായി മലപ്പുറം പാലക്കാടിന് തൊട്ടുപിന്നില്‍ തന്നെയുണ്ട്. 45 പോയിന്റുകളുമായി എറണാകുളം ജില്ലയാണ് മൂന്നാമതുള്ളത്.