ന്യൂഡല്‍ഹി ▪️ ബാബറി മസ്ജിദിന്റെ പേര് പരാമര്‍ശിക്കാതെ എന്‍സിഇആര്‍ടിയുടെ പുറത്തിറങ്ങിയ പുതിയ പ്ലസ് ടു പൊളിറ്റിക്‌സ് പാഠപുസ്തകം.
മൂന്ന് മിനാരങ്ങള്‍ ഉള്ള കെട്ടിടം എന്ന വിശേഷണമാണ് പാഠപുസ്തകത്തില്‍ പകരം പരാമര്‍ശിച്ചിട്ടുള്ളത്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി എന്നായിരുന്നു എന്‍സിഇആര്‍ടിയുടെ പഴയ പാഠഭാഗത്തിലുണ്ടായിരുന്നത്.
കല്യാണ്‍ സിംഗിന് എതിരായ സുപ്രീം കോടതി നടപടിയും പുതിയ പുസ്തകത്തില്‍ ഇല്ല. ഇതടക്കം ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പഴയ പാഠപുസ്തകത്തില്‍ ഉണ്ടായിരുന്ന രണ്ട് പേജുകള്‍ നീക്കം ചെയ്തിട്ടുണ്ട്.
ഗുജറാത്തിലെ സോമനാഥില്‍ നിന്ന് അയോധ്യയിലേക്കുള്ള ബിജെപി രഥയാത്രയും കര്‍സേവകരുടെ പങ്കും പുതിയ പാഠപുസ്തകത്തിലില്ല.
നേരത്തെ ബാബറി മസ്ജിദ് പരമാര്‍ശിക്കുന്ന മറ്റ് മൂന്ന് ഭാഗങ്ങള്‍ എന്‍സിഇആര്‍ടി നീക്കം ചെയ്തിരുന്നു. 16ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ ജനറല്‍ മിര്‍ ബാഖി പണികഴിപ്പിച്ച മസ്ജിദ് എന്നാണ് പഴയ പാഠപുസ്തകം ബാബറി മസ്ജിദിനെ പരിചയപ്പെടുത്തുന്നത്.
ഇപ്പോള്‍, ഇതിനെ ശ്രീരാമന്റെ ജന്മസ്ഥലത്ത് 1528ല്‍ നിര്‍മ്മിച്ച ഒരു മിനാരങ്ങള്‍ ഉള്ള കെട്ടിടം എന്നാണ് പരിചയപ്പെടുത്തുന്നത്.