മലപ്പുറം ▪️ കേരളം വീണ്ടും നിപ ഭീതിയില്‍. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപ ബാധയുള്ളതായി കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനാ ഫലം പുറത്ത് വന്നു.
പൂനെയിലെ ലാബില്‍ നിന്നും പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പ്രതികരിച്ചു.
നിപ സംശയത്തിലാണ് മലപ്പുറത്ത് യോഗം ചേര്‍ന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പ്രതികരിച്ചു. ഇന്നലെ രാത്രിയാണ് പാണ്ടിക്കാട് ഒരു കുട്ടിക്ക് നിപ സംശയം ഉണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ വിളിച്ചു പറഞ്ഞത്.
ജാഗ്രത നടപടികള്‍ സ്വീകരിച്ചു സാമ്പിള്‍ പരിശോധനയില്‍ പോസറ്റീവ് ആണ്. നിപ ആണെന്ന് സ്ഥിരീകരിക്കേണ്ടത് കേന്ദ്രമാണ്. പുണെ ലാബിലെ പരിശോധന ഫലം വരണമെന്നും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രത്യേക 30 റൂമുകള്‍ സജ്ജമാക്കിയെന്നും മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.രോഗം ബാധിച്ച കുട്ടി ഗുരുതരവസ്ഥയിലാണ്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുന്നത്.
വവ്വാലുകള്‍ കഴിച്ച പഴമോ മറ്റോ, എടുത്താല്‍ വൈറസ് വരാന്‍ സാധ്യത. രോഗബാധിത മേഖലയില്‍ നിന്ന് അത്തരം സൂചനകളുണ്ട്, സ്ഥിരീകരിച്ചിട്ടില്ലെന്നും പ്രാഥമിക വിവരം മാത്രമെന്നും മന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി.
പൂനെ ലാബിലെ ഫലം നെഗറ്റിവാകട്ടെയെന്നും കുഞ്ഞ് ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നും വീണാ ജോര്‍ജ്ജ് പ്രതികരിച്ചു. മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഫലം പോസറ്റീവ് ആയാല്‍ നിയന്ത്രണം കടുപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഭയം വേണ്ട, ജഗ്രതയൊടെ നേരിടാന്‍ കഴിയും. ആന്റി ബോഡി രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ആന്റി ബോഡി അടുത്ത ദിവസം ജില്ലയില്‍ എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മലപ്പുറത്ത് തന്നെ തുടരും.