ചെങ്ങന്നൂര്‍ ▪️ ടൗണ്‍ മാസ്റ്റര്‍പ്ലാന്‍-2041ന്റെ ഭാഗമായി ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള മാപ്പില്‍ വീണ്ടും സര്‍വ്വത്ര അപാകതകളും ആശങ്കകളുമെന്ന് നാട്ടുകാര്‍.
പമ്പാനദിയുടെ തീരത്തുള്ള മംഗലം, വാഴാര്‍മംഗലം (5,6,7 വാര്‍ഡുകള്‍) പ്രദേശത്തെ അതി തീവ്രമേഖല തരംതിരിവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മംഗലം-വാഴാര്‍മംഗലം ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ പ്രതിഷേധത്തോടെ മന്ത്രി സജി ചെറിയാന്‍ ഇടപെടുകയും മന്ത്രി എം.ബി രാജേഷിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ മാസ്റ്റര്‍പ്ലാനില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിരുന്നു.
ഇതനുസരിച്ച് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശ പ്രകാരം ജില്ലാ ടൗണ്‍ പ്ലാനിംഗ് വിഭാഗം നഗരസഭയുമായി ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ പുതുക്കിയ മാസ്റ്റര്‍പ്ലാനിലാണ് ജനങ്ങള്‍ക്ക് ആശങ്കകളും നിരവധി അപാകതകളും കണ്ടെത്തിയത്.
സാങ്കേതിക പരിജ്ഞാനം ഉള്ളവര്‍ക്ക് പോലും കണ്ടുപിടിക്കാന്‍ കഴിയാത്ത രീതിയിലുള്ള സൂചനകള്‍ നല്‍കുന്ന മാസ്റ്റര്‍ പ്ലാനിന്റെ പുതിയ മാപ്പ് ആണ് ജനങ്ങള്‍ക്ക് പരിശോധനയ്ക്കായി നഗരസഭ വാര്‍ഡുകളുടെ വാട്‌സ്ആപ്പിലൂടെ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ജനങ്ങള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അറിയിക്കണമെന്ന് പറഞ്ഞു കൊണ്ടാണ് മാപ്പിന്റെ ചിത്രങ്ങള്‍ സഹിതം നഗരസഭ വാര്‍ഡുകളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നല്‍കിയിട്ടുള്ളത്.
സര്‍വ്വത്ര അപാകതകള്‍ നിറഞ്ഞ മാപ്പില്‍ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശം (flood prone area) പോലും കണ്ടെത്താന്‍ കഴിയാത്ത സാധാരണപ്പെട്ട ജനങ്ങള്‍ എങ്ങനെയാണ് പരാതികള്‍ പറയുക.
മാസ്റ്റര്‍ പ്ലാനിന്റെ വാര്‍ഡ് തിരിച്ചുള്ള മാപ്പില്‍ ഓരോ വിഭാഗവും പ്രത്യേക നിറങ്ങളിലാണ് നല്‍കിയിട്ടുള്ളത്.
എന്നാല്‍ ഇതില്‍ കാണിച്ചിരിക്കുന്ന നിറങ്ങളിലുള്ള പ്രദേശങ്ങളെ ഒന്നും താഴെ കൊടുത്തിരിക്കുന്ന സൂചനകളില്‍ കാണാനില്ല എന്നത് ഏറെ രസകരമാണ്.
വെള്ളനിറത്തില്‍ അകലത്തിലുള്ള കറുത്ത കുത്തുകള്‍ കാണിച്ചാണ് ഫ്‌ളഡ് പ്രോണ്‍ ഏരിയാ-1 എന്നും വെള്ളനിറത്തില്‍ അടുത്തടുത്തുള്ള കറുത്ത കുത്തുകള്‍ കാണിച്ചാണ് ഫ്‌ളഡ് പ്രോണ്‍ ഏരിയാ-2 എന്നും സൂചനയില്‍ കാണിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ താഴത്തെ സൂചനകളില്‍ പറയുന്നതൊന്നും മുകളിലെ മാപ്പില്‍ നിന്നും കണ്ടെത്താന്‍ ജനത്തിന് കഴിയില്ല എന്നതാണ് ഇതിലെ പ്രത്യേകത.
നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് പോലും ഈ മാപ്പില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് ജനങ്ങളോട് വിശദീകരണം നല്‍കാന്‍ കഴിയുന്നുമില്ല.
മാസ്റ്റര്‍ പ്ലാന്‍ മാപ്പിലെ കെണികള്‍ മനസ്സിലാക്കാന്‍ സാധാരണ പെട്ടവര്‍ക്ക് കഴിയുന്നില്ല. ഇതിനെപ്പറ്റി കൗണ്‍സിലര്‍മാരോട് ചോദിച്ചാല്‍ അവരും ജനങ്ങളെക്കാള്‍ കൂടുതല്‍ സംശയത്തിലാണ്.
വാര്‍ഡ് സഭകളില്‍ ടൗണ്‍ പ്ലാനര്‍ എത്തുമെന്നും അവരോട് പരാതികള്‍ പറയണമെന്നുമാണ് കൗണ്‍സിലര്‍മാര്‍ പറയുന്നത്.
എന്നാല്‍ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മാസ്റ്റര്‍ പ്ലാന്‍ മാപ്പില്‍ നിന്നും ഒന്നും മനസ്സിലാകാത്ത സ്ഥിതിയില്‍ എങ്ങനെയാണ് പരാതികള്‍ ഉന്നയിക്കുക എന്നാണ് ജനങ്ങളുടെ ചോദ്യം.
നഗരസഭ കൗണ്‍സില്‍ പുതിയ മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ച ശേഷം വാര്‍ഡ് സഭകളില്‍ അവതരിപ്പിക്കുമെന്നും ജനങ്ങളുടെ പരാതികള്‍ 60 ദിവസത്തിനുള്ളില്‍ നല്‍കണമെന്നും പറഞ്ഞു കൊണ്ടുള്ള ശബ്ദ സന്ദേശം വാര്‍ഡുകളിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ കൗണ്‍സിലര്‍മാര്‍ തന്നെ നല്‍കിയിട്ടുണ്ട്.
വ്യക്തതയില്ലാത്ത, അപാകതകള്‍ നിറഞ്ഞ മാപ്പിലെ സംശയങ്ങള്‍ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കി അവരില്‍ നിന്നും പരാതി വാങ്ങി പുതിയ മാപ്പ് പ്രസിദ്ധീകരിക്കാതെ എന്തിനാണ് നഗരസഭ കൗണ്‍സില്‍ മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കുന്നത് എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
പമ്പാനദിയുടെ തീരത്തുള്ള പല സര്‍വ്വേ നമ്പരുകളിലെ സ്ഥലങ്ങളും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശത്തില്‍ ഉള്‍പ്പെടുത്താതെ തൊട്ടടുത്ത സര്‍വ്വേ നമ്പരുകളെ സ്ഥലങ്ങള്‍ മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് നാട്ടുകാര്‍ തന്നെ പറയുന്നു.
വെള്ളം കയറുന്ന കോലാമുക്കം പോലുള്ള താഴ്ന്ന പ്രദേശങ്ങള്‍ പലതും എങ്ങനെയാണ് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശമല്ലാതായി മാറി എന്നും സംശയമുയര്‍ന്നു.
എന്തായാലും പമ്പാനദിയുടെ തീരത്തുള്ള മംഗലം, വാഴാര്‍മംഗലം, പുത്തന്‍കാവ് പ്രദേശങ്ങളിലുള്ള 5,6,7,11,12 വാര്‍ഡുകളിലെ ജനങ്ങള്‍ കൂടുതല്‍ ആശങ്കയിലാണ്.
തെറ്റായ മാപ്പുകളില്‍ കൃത്യമായ തിരുത്തലുകള്‍ വരുത്തി കരട് രൂപം വാര്‍ഡ്‌സഭകളില്‍ അവതരിപ്പിക്കണമെന്നും പരാതികള്‍ പൂര്‍ണമായും പരിഹരിച്ച മാസ്റ്റര്‍ പ്ലാനും അനുബന്ധ മാപ്പും മാത്രമേ നഗരസഭ കൗണ്‍സില്‍ അംഗീകരിക്കാവൂ എന്നുമാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.അല്ലാത്ത പക്ഷം ജനകീയ പ്രതിഷേധങ്ങളിലേക്ക് നീങ്ങാനും നാട്ടുകാര്‍ തയ്യാറാകും എന്നും പറയുന്നു.