സിംഗപ്പൂരില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്നു. കൊവിഡ് കേസുകളിലുണ്ടായ വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കല്‍ ഉള്‍പ്പടെയുള്ള മുന്‍കരുതല്‍ നടപടികളുമായി സര്‍ക്കാര്‍.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സിംഗപ്പൂര്‍ ആരോഗ്യമന്ത്രി ഓങ് യി കുങ് ആവശ്യപ്പെട്ടു.
മുന്‍ ആഴ്ചത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം ഇരട്ടിയായി. കഴിഞ്ഞയാഴ്ച 25,900 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊട്ടുമുമ്പത്തെ ആഴ്ച 13,700 കേസുകളാണ് ഉണ്ടായിരുന്നത്.
ഓരോ ദിവസവും കേസുകള്‍ വര്‍ധിച്ചുവരുന്നുണ്ട്. ജൂണില്‍ ഗണ്യമായി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. പുതിയ കൊവിഡ് വകഭേദത്തിന്റെ വ്യാപനം ശ്രദ്ധയോടെ നിരീക്ഷിക്കുകയാണെന്നു സര്‍ക്കാര്‍ അറിയിച്ചു.
കൊവിഡ് കേസുകള്‍ സുഗമമായി കൈകാര്യം ചെയ്യുന്നതിന്, അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകള്‍ നീട്ടിവയ്ക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
പരമാവധി രോഗികളെ കെയര്‍ സെന്ററുകളിലേക്കു മാറ്റും. 60 വയസിന് മുകളിലുള്ളവരും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരും ജാഗ്രത പാലിക്കണം.
കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ സുരക്ഷയുടെ ഭാഗമായി അധിക ഡോസ് എടുക്കാന്‍ മറക്കരുതെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.