കൊച്ചി ▪️ 28 വര്‍ഷത്തെ സജീവ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം.വി നികേഷ് കുമാര്‍.
രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായാണ് മാധ്യമ രംഗത്ത് നിന്നുള്ള വിടവാങ്ങല്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് എംവി നികേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞു.
എല്ലാ കാലത്തും തന്റെ ജീവിതത്തില്‍ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് എം.വി നികേഷ് കുമാര്‍ പറഞ്ഞു. ‘ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്.
ഇനി സിപിഎം അംഗമായി പ്രവര്‍ത്തിക്കും. റിപ്പോര്‍ട്ടര്‍ ടിവി ഞാന്‍ ജന്മം നല്‍കിയ സ്ഥാപനമാണ്. എന്റെ കരുതലും സ്‌നേഹവുമെല്ലാം എല്ലാ കാലത്തും റിപ്പോര്‍ട്ടറിനൊപ്പം ഉണ്ടാകും.
ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം,’ എം.വി നികേഷ് കുമാര്‍ വിശദീകരിച്ചു.
കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.വി രാഘവന്റെയും സി.വി ജാനകിയുടെയും മകനായി 1973 മെയ് 28 നാണ് എം.വി നികേഷ് കുമാറിന്റെ ജനനം.
ഏഷ്യാനെറ്റ് ന്യൂസിലാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2003ല്‍ കേരളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലായി ഇന്ത്യാവിഷന്‍ ആരംഭിച്ചപ്പോള്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചു.
2011ല്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് തുടക്കം കുറിച്ചു. രാംനാഥ് ഗോയങ്ക അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.