
“താറാവ് കൃഷിക്ക് ടെന്‍ഡര്‍ ക്ഷണിക്കുന്നു”
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരസ്യമാണ് ഇത്.
ഇത് വായിക്കുമ്പോള്‍ താറാവ് കൃഷി നടത്താന്‍ ആരെങ്കിലും മുന്നോട്ട് വന്നാല്‍ അതിന് പറ്റിയ കുളവും വെള്ളവുമെല്ലാം നഗരത്തില്‍ തന്നെയുണ്ട്.
ചെങ്ങന്നൂര്‍ നഗരസഭയില്‍ 5, 6, 7 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കുറ്റിക്കാട്ട്പടി-കൈപ്പാലക്കടവ് റോഡിലാണ് താറാവ് കൃഷിക്ക് ടെന്‍ഡര്‍ ക്ഷണിക്കുന്നതായി പ്രചരിക്കുന്നത്.
താല്‍പര്യമുള്ളവര്‍ ജനപ്രതിനിധികളുമായി ബന്ധപ്പെടണമെന്നും താറാവ് കൃഷിക്ക് ആവശ്യമായ കുളവും വെള്ളവും റോഡില്‍ തന്നെ ഉണ്ടന്നും പറയുമ്പോള്‍ നാട്ടുകാരുടെ ദുരിതം പ്രതിഷേധമയി ഉയരുകയാണ്.
വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന ഈ റോഡില്‍ കുഴികള്‍ രൂപപ്പെടുകയും അവയെല്ലാം വെള്ളക്കെട്ടായും മാറുകയും ചെയ്തു.
തിരുവല്ല, കല്ലിശ്ശേരി, മംഗലം ഭാഗത്തുള്ളവര്‍ക്ക് കോഴഞ്ചേരി റോഡിലെത്തുന്നതിനുള്ള എളുപ്പവഴിയാണ് ഇത്.
ആറാട്ടുപുഴ, കോയിപ്രം, ഇടനാട്, മംഗലം നിവാസികള്‍ക്ക് കല്ലിശ്ശേരി, തിരുവല്ല എന്നിവിടങ്ങളില്‍ പോകുന്നതിനും ഏക ആശ്രയമാണ് കുറ്റിക്കാട്ട്പടി-കൈപ്പാലക്കടവ് റോഡ്.
ഇത് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടതായി നാട്ടുകാര്‍ പറയുന്നു. ഈ ദുരിതയാത്ര അവസാനിപ്പിക്കാന്‍ അധികാരികള്‍ ഒരു നടപടിയും സ്വീകരിച്ചില്ല എന്നാണ് യാത്രക്കാരുടെ പരാതി.