▶️ മുലായം സിങ് യാദവ് അന്തരിച്ചു

0 second read
0
252

ദില്ലി: സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രേദശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് (82) അന്തരിച്ചു.

ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവരെ ഒരു കാലത്ത് നിര്‍ണയിച്ചിരുന്ന രാഷ്ട്രീയ ചാണക്യനാണ് ചരിത്രത്തിലേക്ക് മായുന്നത്. ഏറെ നാളായി ഗുഡ് ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെയാണ് മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് നിര്യാണം.

രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മൂന്ന് തവണ യുപി മുഖ്യമന്ത്രിയായിട്ടുണ്ട്. ഹിന്ദി ഹൃദയ ഭൂമിയുടെ നേതാജിയെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 1996 ല്‍ കേന്ദ്ര പ്രതിരോധമന്ത്രിയായി ചുമതലയേറ്റിരുന്നു.

ഇറ്റാവയിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലേക്കും, അവിടെ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കുമുള്ള മുലായം സിംഗ് യാദവിന്റെ യാത്ര സംഭവ ബഹുലമായിരുന്നു. ഗുസ്തിക്കാരനാക്കണമെന്ന ആഗ്രഹത്തോടെ അച്ഛന്‍ പരിശീലനത്തിന് അയച്ചത്. അവിടെ വച്ച് പരിചയപ്പെട്ട നട്ടു സിംഗ് എന്ന സോഷ്യലിസ്റ്റ് നേതാവിലൂടെ രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങി.

രാംമനോഹര്‍ ലോഹ്യയുമായുള്ള അടുപ്പം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉത്തര്‍ പ്രദേശിലെ യുവ മുഖങ്ങളിലൊന്നാക്കി മുലായത്തെ മാറ്റി. 1967ല്‍ 28-ാമത്തെ വയസില്‍ സോഷ്യലിസ്‌ററ് ടിക്കറ്റില്‍ ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കന്നി അംഗത്തിലൂടെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. അടിയന്തരാവസ്ഥയെ നിശിതമായി വിമര്‍ശിച്ചതിന് ജയിലിലടക്കപ്പെട്ടു. ലോഹ്യയുടെ മരണത്തിന് ശേഷം മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് ഭാരതീയ ലോക് ദള്‍ എന്ന വിശാല പ്ലാറ്റ് ഫോമിലേക്ക് മുലായം മാറി.

പാര്‍ട്ടിയിലെ പടല പിണക്കത്തില്‍ നാല് വര്‍ഷത്തിന് ശേഷം ചരണ്‍ സിംഗിന്റെ ദളിത് മസ്ദൂര്‍ കിസാന്‍ പാര്‍ട്ടിയുലേക്ക് ചേക്കേറി, ഇതിന്റെ അധ്യക്ഷനായി. 1989ല്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി. 1990കളുടെ അവസാനം ചന്ദ്രശേഖറിന്റെ ജനതാദളിന്റെ ഭാഗമായി കോണ്‍ഗ്രസ് പിന്തുണയോടെ മുലായം ഭരണം തുടര്‍ന്നു. കേന്ദ്രത്തിലെ സമവാക്യങ്ങള്‍ മാറിയതോടെ തൊട്ടടുത്ത വര്‍ഷം കോണ്‍ഗ്രസ് പാലം വലിച്ചു. ഇതോടെ മുലായത്തിന് അധികാരം നഷ്ടമായി.

ഇതിനിടെ സമാജ് വാദി പാര്‍ട്ടി രൂപീകരിച്ചു. ദളിത് ഏകീകരണത്തിലൂടെ മാത്രമേ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാനാകൂവെന്ന് മനസിലാക്കിയ മുലായം സിംഗ് മായാവതിക്ക് കൈകൊടുത്ത് ഭരണം തിരിച്ചു പിടിച്ചു.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ ശക്തമായി എതിര്‍ത്ത മുലായം സംഘപരിവാര്‍ രാഷ്ട്രീയത്തിന് അയോധ്യയെ അജണ്ടയാക്കാനാവില്ലെന്ന് തുറന്നടിച്ചു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷം പിന്നാക്ക ന്യൂനപക്ഷ വോട്ട് ബാങ്ക് പടുത്തുയര്‍ത്തി കടിഞ്ഞാണ്‍ കൈയിലെടുത്തു.

1996 ആയപ്പോഴേക്കും ദേശീയ രാഷ്ട്രീയത്തിലും മുലായം നിറഞ്ഞു നിന്നു. തുടര്‍ന്നുള്ള രണ്ട് വര്‍ഷക്കാലം ദേവഗൗഡ മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായി. സംഭാല്‍, കനൗജ്,അസംഗഡ് കൗജ് മണ്ഡലങ്ങള്‍ പലപ്പോഴായി മുലായത്തിന്റെ തട്ടകങ്ങളായി. മകന്‍ അഖിലേഷ് യാദവും, സഹോദരന്‍ ശിവപാല്‍ യാദവും തമ്മിലുള്ള പോര് മുലായത്തിന്റെ കണ്‍മുന്നില്‍ പാര്‍ട്ടിയുടെ പ്രഭാവം കെടുത്തി.

ശിവപാല്‍യാദവിനൊപ്പം നിന്ന മുലായത്തിന് മകനയും മകന് തിരിച്ചും തള്ളിപ്പറയേണ്ടി വന്നു. മാഫിയ മേധാവിത്വവും, അഴിമതിയും, പാര്‍ട്ടിക്കെതിരെയും മുലായത്തിനെതിരെയും ആരോപണങ്ങളായി ഉയര്‍ന്നത് ഒടുവില്‍ തിരിച്ചടിയായി. അപ്പോഴും താന്‍ തുടക്കം കുറിച്ച രാഷ്ട്രീയം കാലഹരണപ്പെട്ടില്ലെന്ന് തെളിയിച്ചാണ് മുലായം സിംഗ് വിടവാങ്ങുന്നത്.

Load More Related Articles
Load More By News Desk
Load More In NATIONAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…