
ചെങ്ങന്നൂര്‍▪️ നാട്ടുകാരില്‍ അറിവും ആകാംക്ഷയും നിറച്ച് പാണ്ടനാട്ടില്‍ മോക്ഡ്രില്‍.
വെള്ളപ്പൊക്ക പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ല ദുരന്ത നിവാരണ അതോറിറ്റി, കില എന്നിവ സംയുക്തമായാണ് ചെങ്ങന്നൂരിലെ പാണ്ടനാട് പഞ്ചായത്തിലെ പ്രയാര്‍ ഭാഗത്താണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയ്യാറെടുപ്പും കാര്യശേഷിയും വര്‍ധിപ്പിക്കുന്നതിനായി പമ്പാ നദീതട ജില്ലകളില്‍ റീ ബില്‍ഡ് കേരള പ്രോഗ്രാം ഫോര്‍ റിസള്‍ട്ട്‌സ് പദ്ധതിയുടെ ഭാഗമായാണ് മോക്ഡ്രില്‍ നടത്തിയത്.
ജില്ലയിലെ ചെറിയനാട്, വെണ്മണി, മുളക്കുഴ, ആല, പുലിയൂര്‍, ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ബുധനൂര്‍, മാന്നാര്‍, ചെന്നിത്തല തൃപ്പെരുന്തുറ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മോക്ഡ്രില്‍ പരിശീലനമാണ് സംഘടിപ്പിച്ചത്.
വൈകിട്ട് 3:30ന് ആരംഭിച്ച മോക് ഡ്രില്ലില്‍ പൊലീസ്, അഗ്‌നിരക്ഷ സേന, കെ എസ് ആര്‍ ടി സി, ആരോഗ്യം, വിദ്യാഭ്യാസം, മോട്ടോര്‍ വാഹന വകുപ്പ്, കെ എസ് ഇ ബി, ജല അതോറിറ്റി തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നത്.
ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി എം.കെ ബിനുകുമാര്‍ മോക് ഡ്രില്ലിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന അവലോകന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം) സി. പ്രേംജി, അസിസ്റ്റന്റ് ഡയറക്ടര്‍ (എല്‍ എസ് ജി ഡി) സന്തോഷ് മാത്യൂ, ചെങ്ങന്നൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശോഭ വര്‍ഗീസ്, ചെങ്ങന്നൂര്‍ തഹസില്‍ദാര്‍ അശ്വനി അച്യുതന്‍, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മാളുക്കുട്ടി സണ്ണി, കില കോ-ഓര്‍ഡിനേറ്റര്‍ ശ്രീകുമാര്‍, ഹസാര്‍ഡ് അനലിസ്റ്റ് സി. ചിന്തു, വിവിധ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.