ആലപ്പുഴ▪️ ഭിന്നശേഷിക്കാരനായ വിനോദിന് കരുതലും കൈത്താങ്ങുമായി മന്ത്രി സജി ചെറിയാന്‍.
നൂറ് ശതമാനം അന്ധതയുള്‍പ്പെടെയുള്ള ഭിന്നശേഷിക്കാരനായ പുന്നപ്ര അറവുകാട് സ്വദേശി വിനോദ് കുമാറിന് (56) ഇനി മന്ത്രിയുടെ ഇടപെടലില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോഫീ വെന്‍ഡിങ് മെഷീന്‍ നടത്താം.
ഏകദേശം രണ്ടു വര്‍ഷമായി തന്റെ കുടുംബം പോറ്റാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു കോഫീ വെന്‍ഡിങ് മെഷീന്‍ ആരംഭിക്കുന്നതിനുള്ള അനുമതിക്കായി കയറി ഇറങ്ങുന്നു.
എന്നാല്‍ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ കരുതലും കൈത്താങ്ങും അദാലത്തില്‍ വിനോദ് കുമാറിന്റെ അപേക്ഷ പരിഗണിക്കുകയും ആശുപത്രി കോമ്പൗണ്ടില്‍ വിനോദിന് കോഫീ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുന്നതിന് ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി ഉത്തരവാകുകയും ചെയ്തു.
വിനോദ് വൃക്കരോഗം കാരണം ആഴ്ചയില്‍ രണ്ടു തവണ ഡയാലിസിസ് ചെയ്യുന്നുമുണ്ട്. ഭാര്യയും പ്ലസ് ടുവിന് പഠിക്കുന്ന മകനും രോഗിയായ അമ്മയും ഉള്‍പ്പെടുന്നതാണ് കുടുംബം.
വണ്ടാനത്ത് ദേശീയ പാതക്ക് സമീപം ഒരു ചായക്കട നടത്തിയാണ് കുടുംബം പോറ്റിയിരുന്നത്. റോഡുവികസനത്തിന് സ്ഥലം ഏറ്റെടുത്തപ്പോള്‍ കച്ചവടം നടത്തിയ വാടക മുറി നഷ്ടമായി. 1600 രൂപ ക്ഷേമ പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ ആകെയുള്ള ആശ്രയം.
‘നിത്യജീവിതം അങ്ങേയറ്റം ബുദ്ധിമുട്ടിലായിരുന്നു. പലപ്പോഴും കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യാന്‍ വരെ ആലോചിച്ചിട്ടുണ്ട്. അവസാനത്തെ കച്ചിതുരുമ്പായിരുന്ന് കരുതലും കൈതാങ്ങും അദാലത്ത്. മന്ത്രി നല്‍കിയ ഉത്തരവ് ഞങ്ങളുടെ ജീവിതത്തിന് മുന്നില്‍ തെളിഞ്ഞ ഒരു പുതിയ വെളിച്ചമാണ്. ഇതിലൂടെ കിട്ടുന്ന വരുമാനം ഞങ്ങള്‍ക്ക് വലിയൊരുശ്വാസമാകും, ‘ വിനോദിന്റെ ഭാര്യ രമ പറഞ്ഞു