
ചെന്നിത്തല ▪️ കലയുടെ കൊലപാതകം സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും കേസില്‍ ആരുടേയും ഇടപെടലില്ലന്നും പാര്‍ട്ടിക്കാരനായ വക്കീല്‍ വക്കാലത്ത് ഒഴിയുമെന്നും മന്ത്രി സജി ചെറിയാന്‍.
കൊല്ലപ്പെട്ടതായി സംശയിക്കുന്ന ഇരമത്തൂരിലെ കലയുടെ വീട് മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചു. കലയുടെ സഹോദരനേയും ബന്ധുക്കളേയും കണ്ട് അന്വേഷണത്തിന്റെ നിലവിലെ വിവരങ്ങള്‍ ബോധ്യപ്പെടുത്തി.
ആലപ്പുഴ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അതിഗൗരവമായാണ് കേസ് അന്വേഷിക്കുന്നതെന്നും കേസില്‍ കുറ്റവാളികള്‍ ആരായാലും രക്ഷപെടാന്‍ അനുവദിക്കില്ലന്നും നിഷ്പക്ഷമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ വ്യക്തമായ നിര്‍ദ്ദേശം പോലീസിന് നല്‍കിയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.
വിദേശത്തുള്ള ഒന്നാം പ്രതിയെ നാട്ടില്‍ കൊണ്ടുവന്നാല്‍ മാത്രമേ കൃത്യമായ അന്വേഷണത്തിലേക്ക് പോകാന്‍ കഴിയു. അതിനുള്ള നടപടികള്‍ പോലീസ് നടത്തി വരികയാണ്.
രണ്ട് മാസം മുന്‍പ് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതീവരഹസ്യമായി അന്വേഷിച്ചാണ് പോലീസ് പ്രതികളെ ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്തത്.
പ്രതികളെ രക്ഷിക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നു എന്ന കള്ളപ്രചരണം ചിലര്‍ ഈ പ്രദേശത്ത് നത്തുന്നുണ്ട്.
തെറ്റിദ്ധാരണാജനകമായി രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി നടത്തുന്ന പ്രചരണങ്ങളില്‍ വിശ്വസിക്കരുത്.
എന്തെങ്കിലും ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ ആദ്യഘട്ടത്തില്‍ ഉണ്ടാകുമായിരുന്നു. അങ്ങനെ ഒരു ഇടപെടലും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
പട്ടികജാതി കുടുംബത്തിലെ ഒരു പെണ്‍കുട്ടി ആയതിനാല്‍ ആ വിഭാഗത്തെ സംരക്ഷിക്കേണ്ട രാഷ്ട്രീയ ഉത്തരവാദിത്വം സിപിഎമ്മിനും സര്‍ക്കാരിനുമുണ്ട്. ആ ഉത്തരവാദിത്വം പൂര്‍ണമായും നിര്‍വ്വഹിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വക്കീല്‍ ഈ കേസില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായിട്ടുണ്ട്. വക്കീല്‍ എന്ന നിലയില്‍ ഒരു കേസില്‍ ഹാജരാകുന്നതിന് തെറ്റില്ല.
എങ്കിലും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന വക്കീല്‍ എന്ന നിലയില്‍ കേസില്‍ ഹാജരാകാന്‍ പാടില്ല. അതുകൊണ്ട് വക്കാലത്ത് ഒഴിയാന്‍ വക്കീലിന് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
പാര്‍ട്ടിയെന്ന നിലയില്‍ ആരെങ്കിലും കലയുടെ കുടുംബത്തിന്റെ ഒപ്പം നില്‍ക്കാതെ പ്രവര്‍ത്തിച്ചാല്‍ അവര്‍ പാര്‍ട്ടിക്ക് പുറത്താകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.