ചെങ്ങന്നൂര്‍ ▪️ നഗരസഭയുടെ അശാസ്ത്രീയമായ ടൗണ്‍ മാസ്റ്റര്‍പ്ലാനിനെതിരെ ബിജെപിയുടെ മൂന്നാം ഘട്ട സമരത്തിന്റെ ഭാഗമായി 24 മണിക്കൂര്‍ ഉപവാസ സമരം നടത്തുന്നു.
ഓഗസ്റ്റ് ഒന്ന് വ്യാഴാഴ്ച രാവിലെ 9ന് കെഎസ്ആര്‍ടിസിക്ക് സമീപം നടക്കുന്ന ഉപവാസ സമരത്തിന് ബിജെപി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാര്‍ നേതൃത്വം നല്‍കും.
ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പി.സി ജോര്‍ജ് ഉപവാസ സമരം ഉദ്ഘാടനം ചെയ്യും.
നഗരസഭ കൗണ്‍സിലര്‍മാര്‍, ബിജെപി മണ്ഡലം-ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കും.
ജനങ്ങളുമായി ചര്‍ച്ച ചെയ്യാതെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കാതെ വാര്‍ഡ്‌സഭകള്‍ വിളിച്ചുകൂട്ടാതെ തയ്യാറാക്കിയ ടൗണ്‍ മാസ്റ്റര്‍പ്ലാന്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഉപവാസ സമരം.
2018ലെ വെള്ളപ്പൊക്കം അടിസ്ഥാനമാക്കിയാണ് ചെങ്ങന്നൂരില്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയത്. എന്നാല്‍ മാനന്തവാടി നഗരസഭ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത് 2010 രേഖകള്‍ പ്രകാരമാണ്.
ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയത്. പമ്പയാറിന്റെ പ്രദേശങ്ങളെ വ്യത്യസ്ഥങ്ങളായി തിരിച്ചാണ് വേര്‍തിരിച്ചിരിക്കുന്നത്. റോഡിന്റെ ഒരുവശം വെള്ളം കയറിയാല്‍ മാറ്റൊരു വശം വെള്ളം കയറാത്തതെന്ന് പറഞ്ഞ് ഒഴിവാക്കിയിരിക്കുകയാണ്.
ഇങ്ങനെ നഗരസഭ തയ്യാറാക്കിയ അശാസ്ത്രീയമായ മാസ്റ്റര്‍പ്ലാന്‍ ബിജെപി അംഗീകരിക്കില്ലെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയുള്ള ശാസ്ത്രീയമായ മാസ്റ്റര്‍പ്ലാനിനെ ബിജെപി സ്വാഗതം ചെയ്യുമെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് പറഞ്ഞു.
മന്ത്രി സജി ചെറിയാന്‍ അടിയന്തിരമായ ഇടപെട്ട് മാസ്റ്റര്‍പ്ലാന്‍ റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണം.
ബിജെപി ജനങ്ങളുമായി ചര്‍ച്ച ചെയ്ത് സാങ്കേതിക പരിജ്ഞാനമുള്ളവരുമായി ആലോചിച്ച് ബദല്‍ മാസ്റ്റര്‍ തയ്യാറാക്കി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുമെന്നും പ്രമോദ് കാരയ്ക്കാട് പറഞ്ഞു.
നഗരസഭയിലെ കൗണ്‍സിലര്‍മാരൊന്നും തന്നെ മാസ്റ്റര്‍പ്ലാന്‍ കണ്ടിട്ടില്ലെന്നും വാര്‍ഡ്‌സഭകള്‍ വിളിച്ചുകൂട്ടുന്നതിന് തയ്യാറാകാതെ ഭരണനേതൃത്വം അലംഭാവം കാണിച്ചെന്നും കൗണ്‍സിലര്‍ എം. മനുകൃഷ്ണന്‍ പറഞ്ഞു.
മാസ്റ്റര്‍പ്ലാന്‍ സോണ്‍ തിരിച്ചതില്‍ അപാകതകള്‍ നിലനില്‍ക്കുന്നെന്നും നഗരത്തിന്റെ വികസന മുരടിപ്പിനാണ് ഇത് ഇടയാക്കുന്നതെന്നും മാലിന്യസംസ്‌കരണത്തിനും ജലനിര്‍ഗമനത്തിനും ആവശ്യമായതൊന്നും ഈ പ്ലാനില്‍ ഇല്ലെന്നും കൗണ്‍സിലര്‍ രോഹിത് പി. കുമാര്‍ പറഞ്ഞു.