
കൊച്ചി ▪️ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് ആയി മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റു.
കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. നാലാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പാണ് മാര്‍ റാഫെല്‍ തട്ടില്‍.
1989 ല്‍ മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ച മാര്‍ റാഫേല്‍ തട്ടില്‍ 2010ലാണ് തൃശ്ശൂര്‍ സഹായ മെത്രാനാകുന്നത്. നിലവില്‍ ഷംഷാബാദ് രൂപയുടെ ബിഷപ്പ് ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു ഇദ്ദേഹം.
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് ആയിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണു പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്.
രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിനൊടുവില്‍ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പേര് വത്തിക്കാന്റെ അനുമതിക്കായി സമര്‍പ്പിച്ചിരുന്നു. വത്തിക്കാന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
തൃശൂരിന്റെ സ്വന്തം തട്ടിലച്ചന്‍ സിറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായതിന്റെ സന്തോഷത്തിലാണ് മാതൃ ഇടവകയായ വ്യാകുലമാതാവിന്‍ ബസലിക്ക.
ഓരോ ആഘോഷത്തിനും ഇടവകയിലേക്ക് ഓടിയെത്താറുണ്ട് മാര്‍ തട്ടില്‍. നിറചിരികളുടെ വിശ്വാസികളെ ചേര്‍ത്തുപിടിക്കുന്ന മാര്‍ തട്ടിലിനെ തൃശൂര്‍ പുഞ്ചിരിപിതാവെന്നാണ് വിളിക്കുന്നത്. തൃശൂര്‍ രൂപതയുടെ സഹായ മെത്രാനുമായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍.