മാന്നാര്‍ ▪️ ആള്‍താമസമില്ലാത്ത വീടുകളില്‍ കയറി വജ്ര-സ്വര്‍ണാഭരണ കവര്‍ച്ച നടത്തി പിടിയിലായ ഉത്തരേന്ത്യന്‍ പ്രതികളുമായി മാന്നാര്‍ പൊലീസ് തെളിവെടുപ്പു നടത്തി.
ഊട്ടുപറമ്പ് സ്‌കൂളിനു സമീപമുള്ള പ്രവാസിയായ കുട്ടമ്പേരൂര്‍ രാജശ്രീയില്‍ രാജശേഖരന്‍പിള്ളയുടെയും ദീപ്തിയില്‍ ഡോ. ദിലീപ് കുമാറിന്റെയും വീടുകളിലാണ് തെളിവെടുപ്പ് നടത്തിയത്.
ഉത്തര്‍ പ്രദേശ് സ്വദേശികളായ മുഹമ്മദ് സല്‍മാന്‍ (34), ആരീഫ് (30) എന്നീ പ്രതികളുമായിട്ടാണ് അന്വേഷണ സംഘം തെളിവെടുപ്പിനായി വീടുകളിലെത്തിയത്.
കഴിഞ്ഞ മാസം 23ന് രാത്രിയിലായിരുന്നു മോഷണം നടന്നത്. അരക്കോടിയിലേറെ രൂപ വിലയുള്ള സാധനങ്ങളാണ് രാജശേഖരന്‍ പിള്ളയുടെ വീട്ടില്‍ നിന്നും ഇവര്‍ മോഷ്ടിച്ചത്.
മുഹമ്മദ് സല്‍മാന്‍ (34), ആരീഫ് (30) റിസ്വാന്‍ സൈഫി (27) എന്നിവരെ ബുധനാഴ്ച പ്രത്യേക അന്വേഷണം അറസ്റ്റ് ചെയ്തത് കോടതി ഹാജരാക്കിയിരുന്നു.
അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി വെള്ളിയാഴ്ച മാവേലിക്കര സബ് ജയിലില്‍ നിന്നും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി.
രാജശ്രീയില്‍ രാജശേഖരന്‍പിള്ളയുടെ വീട്ടില്‍ നിന്നും അപഹരിച്ച പ്ലാസ്റ്റിക് കവറിലാക്കിയ സ്വര്‍ണ്ണാഭരണങ്ങള്‍, വിലക്കൂടിയ വാച്ചുകള്‍, ഡി വി ആര്‍ എന്നിവ സമീപത്തെ പറമ്പിലുള്ള കുറ്റിക്കാട്ടില്‍ നിന്നും നേരത്തെ കണ്ടെത്തിയിരുന്നു.
ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ ബിനുകുമാര്‍, മാന്നാര്‍ എസ്എച്ച്ഒ ജോസ് മാത്യു, എസ്‌ഐ അഭിരാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.