മാന്നാര്‍ ▪️ എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണ് എന്ന നിലപാട് പ്രഖ്യാപിച്ചുകൊണ്ടുള്ള ലോകത്തെ ആദ്യത്തെ സര്‍വ്വമത സമ്മേളനമാണ് നൂറു വര്‍ഷം മുമ്പ് ആലുവ അദ്വൈതാശ്രമത്തില്‍ ശ്രീനാരായണഗുരു വിളിച്ചു ചേര്‍ത്തതെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്.
ആലുവ സര്‍വ്വമത സമ്മേളന ശതാബ്ദി2024ന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ഉള്‍പ്പെടുത്തി മാന്നാറില്‍ സംഘടിപ്പിച്ച സര്‍വ്വമത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തെ ആദ്യത്തെ സര്‍വമത സമ്മേളനമായി കണക്കാക്കുന്ന 1893 ലെ ചിക്കാഗോ സര്‍വ്വമത സമ്മേളനം എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്ന് പറയാനായിരുന്നില്ല സംഘടിപ്പിച്ചത്.
കൊളംമ്പസ് അമേരിക്ക കണ്ടുപിടിച്ചതിന്റെ 400ാം വാര്‍ഷികം പ്രമാണിച്ച് നടത്തിയ ആഘോഷങ്ങളുടെ ഭാഗമായിരുന്നു അത്. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന പ്രഖ്യാപനമാണ് ആലുവ സര്‍വമത സമ്മേളനം നടത്തിയത്.
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്നാണ് അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ശേഷം ഗുരു എഴുതിവെച്ചത്. ‘ക്ഷേത്രം’ എന്ന വാക്കിനു പകരം ‘മാതൃകാസ്ഥാനം’ എന്ന വാക്ക് ഗുരു ബോധപൂര്‍വ്വം എഴുതുകയായിരുന്നു.
ക്ഷേത്രമെന്ന വാക്ക് ഒഴിവാക്കിയ ഗുരുവിനെ ഇവിടെ കാണാന്‍ കഴിയും. മതത്തിന്റെയും ജാതിയുടെയും വര്‍ഗത്തിന്റെയും പേരില്‍ കലാപക്കൊടികള്‍ ഉയര്‍ത്തുന്നവര്‍ക്ക് എല്ലാ മതങ്ങളും ഒന്നു തന്നെയാണെന്ന ഗുരുവചനങ്ങള്‍ മാതൃകയാകണം.
മതനിരപേക്ഷത ലോകത്തിനു മുന്നില്‍ പ്രായോഗികമായി അവതരിപ്പിക്കാന്‍ ഗുരുവിന് കഴിഞ്ഞു. മതവും ദൈവവും വോട്ടുബാങ്കാകുകയും അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി മാറുകയും ചെയ്യുന്ന കാലത്ത് സര്‍വ്വമത സമ്മേളനത്തിന്റെ സന്ദേശം ഓര്‍മ്മപ്പെടുത്താന്‍ സര്‍വമത കണ്‍വെന്‍ഷനുകള്‍ സഹായിക്കുമെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു.
രാജ്യത്ത് വര്‍ഗീയതയുടെ അന്ധകാരം പടരാന്‍ അനുവദിക്കരുതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെയും മറ്റ് നവോത്ഥാന നായകരുടെയും വാക്കുകളും ആശയങ്ങളും വര്‍ഗീയതയ്ക്കും സങ്കുചിത ചിന്താഗതിക്കും എതിരെ പരിചയായി നമ്മുടെ കൂടെയുണ്ടാകണം.
ഗുരുദേവ ദര്‍ശനം കാലാനുവര്‍ത്തിയാണ്. സര്‍വമത സമ്മേളന ശതാബ്ദിയാഘോഷങ്ങള്‍ നമ്മുടെ സാഹോദര്യം കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രചോദനമാകട്ടെയെന്നും മന്ത്രി പറഞ്ഞു.
മതേതരമായ പുരോഗമന സ്വഭാവം നമ്മുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. എന്നാല്‍ അവയില്‍ വിള്ളല്‍ വീഴ്ത്തുന്ന സങ്കുചിത രാഷ്ട്രീയത്തിന്റെ രംഗപ്രവേശം ആശങ്കയോടെ നോക്കിക്കാണേണ്ടതുണ്ടെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
മാന്നാര്‍ ശ്യാമശ്രീ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ ശിവഗിരി മഠം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍, മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, കേരള യൂണിവേഴ്‌സിറ്റി മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. എം.എ. സിദ്ദിഖ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരയ ടി.വി. രത്‌നകുമാരി, പുഷ്പലതാ മധു, വിജയമ്മ ഫിലേന്ദ്രന്‍, ശ്രീനാരായണ പഠന കേന്ദ്രം ഡയറക്ടര്‍ ഡോ. ശിശുപാലന്‍, ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി. അഡ്മിനിസ്‌ട്രേറ്റിവ് കമ്മറ്റി കണ്‍വീനര്‍ സുരേഷ് പരമേശ്വരന്‍, സാംബവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍ മുല്ലശ്ശേരി, കെ.പി.എം.എസ്. സംസ്ഥാന കമ്മിറ്റി അംഗം പി. ജനാര്‍ദ്ദനന്‍, കേരള ഗണക മഹാസഭ ജനറല്‍ സെക്രട്ടറി ജി. നിശികാന്ത്, ജനറല്‍ കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം തുടങ്ങിയവര്‍ പങ്കെടുത്തു.