മലപ്പുറം ▪️ പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതം.
എം.കെ ജ്വല്ലറി ഉടമ കിണാത്തിയില്‍ യൂസഫ്, അനുജന്‍ ഷാനവാസ് എന്നിവരാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ജ്വല്ലറി അടച്ച ശേഷം വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്ന ഇവരെ ഇടിച്ചുവീഴ്ത്തിയാണ് അക്രമികള്‍ സ്വര്‍ണം കവര്‍ന്നത്.
അക്രമികള്‍ സഞ്ചരിച്ച മഹീന്ദ്ര കാര്‍ കടന്നു പോയ മേഖലകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്.
കവര്‍ച്ചാ സംഘത്തിന്റെ ആസൂത്രിതമായ നീക്കമായാണ് പൊലീസ് സംഭവത്തെ കണക്കാക്കുന്നത്. വടക്കന്‍ കേരളത്തിലെ സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പെരിന്തല്‍മണ്ണ പൊലിസീന്റെ അന്വേഷണം പുരോഗമിക്കുന്നത്.
പെരിന്തല്‍മണ്ണ ജൂബിലി ജംഗ്ഷന് സമീപത്ത് വച്ചാണ് ഇന്നലെ രാത്രി നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ആഭ്യന്തര വിപണിയില്‍ രണ്ടു കോടിക്ക് മുകളില്‍ മൂല്യം വരുന്ന സ്വര്‍ണമാണ് കവര്‍ന്നത്.
വീട്ടിലേക്ക് വരികയായിരുന്ന യൂസഫിനെയും ഷാനവാസിനെയും പിന്തുടര്‍ന്നെത്തിയ സംഘം, കാര്‍ ഉപയോഗിച്ച് സ്‌കൂട്ടര്‍ ഇടിച്ചിട്ടു. ഇവരുടെ വീടിന് തൊട്ടടുത്ത് വെച്ചായിരുന്നു ആക്രമണം.
കാര്‍ ഇടിച്ചതോടെ സ്‌കൂട്ടര്‍ മറിഞ്ഞു. അക്രിമികള്‍ യൂസഫിന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുകയും മുഖത്തടിക്കുകയും ചെയ്തു. ശേഷം സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കാറില്‍ കടക്കുകയായിരുന്നു.
ഊട്ടി റോഡിലാണ് ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. ഓടിട്ട കെട്ടിടമായതിനാല്‍ ആഭരണങ്ങള്‍ കടയില്‍ സൂക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുവരികയാണ് പതിവ്. ഇതറിയാവുന്നവരാകും അക്രമികളെന്ന് സംശയമുണ്ട്. സംഭവത്തില്‍ കേസെടുത്ത പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം തുടരുകയാണ്.