ബെംഗളൂരു ▪️ ഷിരൂരില്‍ ദേശീയപാതയില്‍ വന്‍ മണ്ണിടിച്ചില്‍. അപകടത്തില്‍പ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഇടപെടല്‍.
വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു. കര്‍ണാടക ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ആര്‍ ഹിതേന്ദ്രയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വിളിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് ഇടപെടല്‍.
ഏറ്റവും ഒടുവില്‍ റിംഗ് ചെയ്ത നമ്പര്‍ കര്‍ണാടക സൈബര്‍ സെല്ലിന് കൈമാറി. വിവരങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കാമെന്ന് പൊലീസ് മുഖ്യമന്ത്രിയെ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കാന്‍ പൊലീസിനും അഗ്‌നിശമന സേനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു.
അതേസമയം, സംഭവ സ്ഥലത്ത് ഉടനെ എത്തുമെന്നും മണ്ണ് നീക്കം ചെയ്യാന്‍ ആരംഭിച്ചതായാണ് അറിയാന്‍ കഴിഞ്ഞതെന്നും അര്‍ജുന്റെ ഭാര്യാ സഹോദരന്‍ പറഞ്ഞു. നിലവില്‍ എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെ നേതൃത്വത്തിലാണ് ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ജൂലൈ എട്ടിനാണ് അര്‍ജുന്‍ ലോറിയില്‍ പോയതെന്നും തിങ്കളാഴ്ചയാണ് അവസാനമായി വിളിച്ച് സംസാരിച്ചതെന്നും അര്‍ജുന്റെ കോഴിക്കോട്ടുള്ള വീട്ടുകാര്‍ പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ ഫോണില്‍ കിട്ടുന്നില്ല.
ഇന്ന് രാവിലെ എട്ടിന് വിളിച്ചപ്പോള്‍ അര്‍ജുന്റെ ഫോണ്‍ റിങ് ചെയ്തിരുന്നു. പിന്നീട് സ്വിച്ച് ഓഫായെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇന്നലെ രാത്രി വരെ ലോറിയുടെ എഞ്ചിന്‍ ഓണായിരുന്നുവെന്നാണ് ഭാരത് ബെന്‍സ് കമ്പനി വീട്ടുകാരെ അറിയിച്ചത്.