ചെങ്ങന്നൂര്‍ ▪️ലില്ലി ലയണ്‍സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ആന്‍ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററിന്റെ പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30ന് പുലിയൂരില്‍ നടക്കും.
സ്‌കൂള്‍ രക്ഷാധികാരിയായ മന്ത്രി സജി ചെറിയാന്‍ സ്‌കൂള്‍ ക്യാമ്പസ് ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എംപി വിശിഷ്ടാതിഥിയാകും.
ചടങ്ങില്‍ കൊച്ചി ഭീമ ജ്യൂവെല്‍സ് ചെയര്‍മാന്‍ ബിന്ദു മാധവിനെ ‘ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ മെല്‍വിന്‍ ജോണ്‍സ് ഫെല്ലോഷിപ്പ് സര്‍വീസ് അവാര്‍ഡ്’ നല്‍കി ആദരിക്കുന്നു.
ചെങ്ങന്നൂര്‍ ആല കോയാട്ട് കുടുംബാംഗവും പ്രമുഖ പ്രവാസി വ്യവസായിയുമായ തോമസ് കോയാട്ടിനെ ജീവകാരുണ്യ പ്രവര്‍ത്തന മികവിനും ഭിന്നശേഷി മേഖലയില്‍ നല്‍കിവരുന്ന സമഗ്ര സംഭാവനകളെയും പരിഗണിച്ച് ആദരിക്കുന്നു.
ചെങ്ങന്നൂര്‍ മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും ഒരു മുന്‍സിപ്പാലിറ്റിയിലുമായി പലവിധ മാനസിക വെല്ലുവിളികള്‍ നേരിടുന്ന 500ല്‍ പരം വ്യക്തികളുണ്ട്.
ഇങ്ങനെയുള്ള ഭിന്നശേഷിക്കാര്‍ക്ക് ശാരീരികമായ പ്രശ്‌നങ്ങളേക്കാള്‍ കൂടുതല്‍ ബൗദ്ധികമായ പലവിധ പ്രശ്‌നങ്ങളാണ് ഉള്ളത്.
ഇവരുടെ ആവശ്യവും കഴിവുകളും മനസ്സിലാക്കി അവര്‍ക്ക് യോജിച്ച തെറാപ്പിയും വിദ്യാഭ്യാസവും നല്‍കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ ചെങ്ങന്നൂരില്‍ ഇല്ലായിരുന്നു.
ഈ പോരായ്മ മനസ്സിലാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കാന്‍ ലയണ്‍സ് എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കേരള സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടു.
2017 നവംബര്‍ 7ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ഡോ. കെ.ടി ജലീല്‍ ലില്ലി ലയണ്‍സ് ബഡ്‌സ് സ്‌കൂള്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.
മാനസിക വെല്ലുവിളികള്‍ നേരിടുന്ന 4 വിദ്യാര്‍ത്ഥികളും അവരെ പരിപാലിക്കാന്‍ 3 ജീവനക്കാരുമായി 2018 ല്‍ ലില്ലി ലയണ്‍സ് സ്‌പെഷ്യല്‍ സ്‌കൂള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലില്ലി ഇന്ന് 134 വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയൊരു ആശ്രയമാണ്.
സ്‌പെഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, സ്പീച്ച് തെറാപ്പി, ബിഹേവിയര്‍ തെറാപ്പി, ഫിസിയോതെറാപ്പി, റീഹാബിലിട്ടേഷന്‍ തെറാപ്പി എന്നിവയും പാട്ട് നൃത്തം യോഗ പരിശീലനം ബാന്‍ഡ് പ്രാക്ടീസ് സ്‌പോര്‍ട്‌സ് ഗെയിംസ് എന്നിവയും നല്‍കുന്നു. നിലവില്‍ 51 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.
2020ല്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി തൊഴില്‍ പരിശീലനം നല്‍കാന്‍ ലില്ലി ലയണ്‍സ് വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍ ആരംഭിച്ചു.
വിവിധ തരം ശുചീകരണ ഉല്‍പ്പന്നങ്ങള്‍, ജെല്‍ കാന്‍ഡില്‍, ഡിറ്റര്‍ജന്റ് പൗഡര്‍, പേപ്പര്‍ ബാഗ്, ക്രാഫ്റ്റ് ഐറ്റംസ് എന്നിവ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററിന്റെ പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ നിര്‍മ്മിക്കുന്നു.
ബാക്ക് ഓഫീസ് ഡാറ്റാ എന്‍ട്രി, സ്റ്റിച്ചിംഗ്, എംബ്രോയ്ഡറി എന്നിവ വൊക്കേഷണല്‍ സ്‌കില്‍ ട്രെയിനിംഗ് യൂണിറ്റുകളില്‍ പരിശീലിപ്പിക്കുന്നു. ഇവിടെ 18 വയസ്സ് മുതല്‍ 53 വയസ്സ് വരെ പ്രായമുള്ള 83 വിദ്യാര്‍ത്ഥികള്‍ ഉണ്ട്. തൊഴില്‍ പരിശീലനത്തോടൊപ്പം പാട്ട് നൃത്തം യോഗ പരിശീലനം ബാന്‍ഡ് പ്രാക്ടീസ് സ്‌പോര്‍ട്‌സ് ഗെയിംസ് എന്നിവയും സൗജന്യമായി പരിശീലിപ്പിക്കുന്നു.
സൗജന്യ സേവനങ്ങള്‍ നല്‍കുന്ന ലില്ലി ലയണ്‍സിന്റെ ഇരുസ്ഥാപനങ്ങളുടെയും നടത്തിപ്പിനാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നത് ട്രസ്റ്റ് അംഗങ്ങളും പല അഭ്യുദയകാംക്ഷികളും ഇന്ത്യക്ക് അകത്തും പുറത്തും ഉള്ള ലയണ്‍സ് ക്ലബ്ബുകളും ലയണ്‍സ് അംഗങ്ങളും വിവിധ കോര്‍പ്പറേറ്റുകളുമാണ്. ഒപ്പം കേരള സര്‍ക്കാരില്‍ നിന്ന് ചെറിയ ഗ്രാന്റും ലഭിക്കുന്നു.
20 കുട്ടികള്‍ക്ക് സഞ്ചരിക്കാവുന്ന സ്‌കൂള്‍ ബസ് മന്ത്രി സജി ചെറിയാന്റെ 20223-20234 എസ്ഡിഎഫ് പദ്ധതി പ്രകാരം സ്‌കൂളിന് നല്‍കി. ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ (എല്‍സിഐഎഫ്) നല്‍കിയ 42 കുട്ടികള്‍ക്ക് സഞ്ചരിക്കാവുന്ന സ്‌കൂള്‍ ബസും, ലയണ്‍സ് എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വാങ്ങിയ 8 കുട്ടികള്‍ക്ക് സഞ്ചരിക്കാവുന്ന ഒരു വാനും സ്‌കൂളിനുണ്ട്.
ലില്ലിയുടെ ഇരുസ്ഥാപനങ്ങളിലുമായി 6 സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍സ്, വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍, 6 ആയമാര്‍, 4 തെറാപ്പിസ്റ്റുകള്‍, ഡ്രൈവര്‍മാര്‍ ഓഫീസ് ജീവനക്കാര്‍ എന്നിവരുള്‍പ്പടെ 22 ജീവനക്കാരുണ്ട്.
ആറ് വര്‍ഷമായി വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ലില്ലി ലയണ്‍സ് സ്‌പെഷ്യല്‍ സ്‌കൂളിനും ലില്ലി ലയണ്‍സ് വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററിനും പുലിയൂര്‍ നിതിയ ഭവനില്‍ കൊട്ടുപ്ലാക്കല്‍ കുടുംബാംഗങ്ങളായ കുര്യന്‍ ഏബ്രഹാമും മറിയാമ്മ കുര്യനും 60 സെന്റ് ഭൂമി ദാനമായി നല്‍കി.
ഈ വസ്തുവില്‍ 14,000 സ്‌ക്വയര്‍ ഫീറ്റ് ഉള്ള സ്‌കൂള്‍ സമുച്ചയം അഞ്ച് കോടി രൂപ പദ്ധതി ചിലവില്‍ ലയണ്‍സ് എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പല അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയും, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ (എല്‍ സി ഐ എഫ്) ഗ്രാന്റ് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുടെ സിഎസ്ആര്‍ പദ്ധതികളിലൂടെയും നിര്‍മ്മിച്ചു.
ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഗ്രാന്റ് ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരം അനുസരിച്ച് ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആവശ്യമായ വിവിധ തെറാപ്പി ഉപകരണങ്ങള്‍ പഠനോപകരണങ്ങള്‍, ഇന്ററാക്റ്റീവ് ഫ്‌ലാറ്റ് പാനല്‍ സജ്ജീകരിച്ച ഡിജിറ്റല്‍ ക്ലാസ്‌റൂം, കമ്പ്യൂട്ടര്‍ ലാബ്, 40 കെ വി ജനറേറ്റര്‍, പതിമൂന്ന് പേര്‍ക്ക് ഉപയോഗിക്കാവുന്ന ലിഫ്റ്റ്, സി സി ടി വി സംവിധാനം ഓഡിയോ വിഷ്വല്‍ സിസ്റ്റംസ് എന്നീ സൗകര്യങ്ങള്‍ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
പുലിയൂരിലെ പുതിയ ക്യാമ്പ്‌സില്‍ ഓട്ടിസം ലാബ്, സെന്‍സറി ഇന്റഗ്രേഷന്‍ റൂം, സെന്‍സറി പാര്‍ക്ക്, തെറാപ്പി മുറികള്‍ എന്നിവയും ഉണ്ട്.
കുട്ടികളെ താമസിപ്പിച്ച് പഠനവും തെറാപ്പിയും നല്‍കാനുള്ള റെസിഡന്‍ഷ്യല്‍ സൗകര്യങ്ങളും റിഹാബിലിറ്റേഷന്‍ സംവിധാനങ്ങളും ട്രസ്റ്റിന്റെ ഭാവി പരിപാടികളില്‍ ഉള്‍പ്പെടുന്നതായി ലയണ്‍സ് ഡിസ്ട്രിക്ട് 318 ബി ഗവര്‍ണ്ണര്‍ ആര്‍. വെങ്കിടാചലം, വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ വിന്നി ഫിലിപ്പ്, മുന്‍ ഗവര്‍ണ്ണറും ലില്ലി ലയണ്‍സ് മാനേജിംഗ് ട്രസ്റ്റിയുമായ ജി. വേണുകുമാര്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.കെ രാജേന്ദ്രന്‍, ട്രഷറര്‍ എം.പി പ്രതിപാല്‍, മുന്‍ ഗവര്‍ണ്ണര്‍ രാജന്‍ ഡാനിയേല്‍, ട്രസ്റ്റി നൗഷാദ് ആറ്റിന്‍കര, ജൂണി തോമസ് കുതിരവട്ടം എന്നിവര്‍ അറിയിച്ചു.