കൊച്ചി▪️ ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യാ കുറിപ്പ് കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചുവെന്ന് കുടുംബം. പറഞ്ഞതെല്ലാം പച്ചക്കള്ളം.
കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും കത്ത് കാണിച്ചിരുന്നുവെങ്കിലും വേണ്ട പരിഗണന നല്‍കിയില്ലെന്നാണ് കുടുംബം പറഞ്ഞത്. ഒരു ചാനലിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എന്‍.എം വിജയന്റെ മകന്‍ വിജേഷും ഭാര്യ പത്മജയും.
ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ സഞ്ചയന ദിവസം വീട്ടില്‍ പോയി കണ്ട് കത്ത് വായിച്ച് കേള്‍പ്പിച്ചുവെന്നും കുടുംബം വെളിപ്പെടുത്തി. രണ്ടാം തീയതി ഡിസിസി പ്രസിഡ!ന്റ് എന്‍.ഡി അപ്പച്ചനെയും കണ്ടിരുന്നു.
പറവൂരില്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ പോയി നേരില്‍ കണ്ട് എന്‍ എം വിജയന്റെ ആത്മഹത്യക്കുറിപ്പ് കൈമാറിയെന്നാണ് കുടുംബം പറയുന്നത്. ജനുവരി മൂന്നാം തീയതിയാണ് കുടുംബം പറവൂരിലെത്തി വി.ഡി സതീശനെ കണ്ടത്.
പ്രതിപക്ഷ നേതാവ് കത്ത് തുറന്ന് നോക്കി വായിച്ചെങ്കിലും ഒരു പരിഗണനയും നല്‍കിയില്ല എന്നാണ് എന്‍.എം വിജയന്റെ കുടുംബം പറയുന്നത്. കത്തില്‍ പറഞ്ഞിരിക്കുന്നത് വ്യക്തികളാണ്, പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് വി.ഡി സതീശന്‍ പറഞ്ഞതെന്നും ഇവര്‍ വെളിപ്പെടുത്തി. നമുക്ക് നോക്കാം എന്നും വി.ഡി സതീശന്‍ പറഞ്ഞതായും കുടുംബം കൂട്ടിച്ചേര്‍ത്തു.
പറവൂരിലെത്തി പ്രതിപക്ഷ നേതാവിനെ കണ്ടതിന്റെ പിറ്റേന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വീട്ടിലെത്തി കണ്ടെന്നും എന്‍ എം വിജയന്റെ കുടുംബം വെളിപ്പെടുത്തി. കെ. സുധാകരന്‍ അസുഖമായി കിടക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം കാത്തിരുന്ന ശേഷം നേരിട്ട് കണ്ട് കത്ത് കൊടുത്തു.
കെ. സുധാകരന്‍ കത്ത് തുറന്ന് നോക്കി. പേജ് കൂടുതലായതിനാല്‍ ചോദിച്ചു മനസിലാക്കുകയും ചെയ്തു. കത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് അറിയില്ലെന്ന് കെ. സുധാകരന്‍ പറഞ്ഞത് കള്ളമെന്നും കുടുംബം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമുള്ള കത്ത് നല്‍കിയിട്ടില്ലെന്നും എല്ലാവര്‍ക്കുമുള്ള കണ്ടന്റ് ഒന്നായിരുന്നുവെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.
എന്‍.എം വിജയന്റെ ആത്മഹത്യ കുടുംബ പ്രശ്‌നമാക്കി മാറ്റാന്‍ ഗൂഢാലോചന നടക്കുന്നുണ്ടന്നും കുടുംബം ആരോപിച്ചു. ബന്ധുക്കളെ ഉപയോഗിച്ച് രണ്ട് പ്രമുഖ നേതാക്കള്‍ എന്‍.എം വിജയന്റെ ആത്മഹത്യ കുടുംബ പ്രശ്‌നമാക്കി മാറ്റാന്‍ ശ്രമം നടത്തിയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഇവര്‍ വ്യക്തമാക്കി. മരിച്ച ദിവസം വീട്ടില്‍ വന്ന ശേഷമാണ് കത്ത് കണ്ടതെന്നും കുടുംബം പറഞ്ഞു.
മകന്‍ വിജേഷിന് എഴുതിയ കത്തിലായിരുന്നു മറ്റ് കത്തുകളെക്കുറിച്ച് പറഞ്ഞത്. ഈ കത്തില്‍ എന്‍എം വിജയന്‍ ആവശ്യപ്പെട്ടത് പ്രകാരമുള്ള കാര്യങ്ങളാണ് പിന്നീട് ചെയ്തതെന്നും പാര്‍ട്ടിയെ കരിവാരിതേയ്ക്കാന്‍ അച്ഛന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.
എന്‍.എം വിജയന് ഇത്രയും വലിയ ബാധ്യതയുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. പാര്‍ട്ടി കാര്യങ്ങള്‍ വീട്ടില്‍ പറയാറുണ്ടായിരുന്നില്ലെന്നും കത്ത് പുറത്ത് വിടാന്‍ തീരുമാനിച്ചത് ഇന്നലെയായിരുന്നെന്നും കുടുംബം പറഞ്ഞു.
കത്ത് പുറത്ത് വിടാന്‍ പേടിയായിരുന്നു. സാമ്പത്തിക പ്രശ്‌നമുള്ള സമയത്ത് മോന്‍ പേടിക്കേണ്ട, എല്ലാം റെഡിയാകും എന്നായിരുന്നു അച്ഛന്‍ പറഞ്ഞതെന്ന് പറഞ്ഞ വിജേഷ് അവസാന ദിവസങ്ങളില്‍ എന്‍.എം വിജയന്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയിരുന്നുവെന്നും പറഞ്ഞു.