🟧 ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് നട തുറന്ന് ആദ്യ മണിക്കൂറില്‍ 13,370 പേരാണ് ദര്‍ശനം നടത്തിയത്.
പത്തനംതിട്ട ▪️ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്നലെ മാത്രം 71,248 പേരാണ് ദര്‍ശനം നടത്തിയത്.
തത്സമയ ബുക്കിങ്ങിലുടെ 13,281 പേര്‍ ദര്‍ശനം നടത്തി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് നട തുറന്ന് ആദ്യ മണിക്കൂറില്‍ 13,370 പേരാണ് ദര്‍ശനം നടത്തിയത്. പുലര്‍ച്ചെ അഞ്ചു മണി വരെ ദര്‍ശനം നടത്തിയവരുടെ എണ്ണം 17,974 ആണ്.
അയ്യപ്പസ്വാമിയുടെ സ്വര്‍ണ ലോക്കറ്റ് വിപണിയിലെത്തിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഒരു ഗ്രാം, 2 ഗ്രാം, 4 ഗ്രാം, 6 ഗ്രാം, 8 ഗ്രാം വീതമുള്ള, അയ്യപ്പസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത ലോക്കറ്റുകളാണ് തയാറാക്കുന്നത്.
ലോക്കറ്റുകളുടെ നിര്‍മാണം, വിതരണം തുടങ്ങിയവയുടെ ഉത്തരവാദിത്വം ഇന്ന് തീരുമാനിക്കും. ഇന്നു ചേരുന്ന ബോര്‍ഡ് യോഗത്തിലായിരിക്കും തീരുമാനം.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് കൃഷ്ണന്റെ ലോക്കറ്റ് ഉണ്ടാക്കിയ അതേ മാതൃകയിലാണ് നിര്‍മാണം. മണ്ഡല കാലം കഴിയും മുന്‍പ് വില്‍പന തുടങ്ങാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
അതേ സമയം, ശബരിമലയിലെ ടോയ്‌ലെറ്റ് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ ആരംഭിച്ചു. പ്ലാന്റുകളുടെ ഫ്‌ലാഗ് ഓഫ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു.
രണ്ട് മൊബൈല്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ കൂടി ഡിസംബര്‍ 15ന് ശബരിമലയില്‍ എത്തിക്കും. പമ്പ, നിലയ്ക്കല്‍, എരുമേലി തുടങ്ങിയ പ്രദേശങ്ങളിലാകും നാല് എംടി യുകളും വിന്യസിക്കുക.