
ചെങ്ങന്നൂര്‍: കെഎസ്ഇബി ഓഫീസുകള്‍ക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ വൈദ്യുതി ഭവന്‍ കെട്ടിട സമുച്ചയം ഒരുങ്ങി.
ചെങ്ങന്നൂര്‍ നഗരത്തില്‍ ആല്‍ത്തറ ജംഗ്ഷനു സമീപം
28 സെന്റ് സ്ഥലത്ത് മൂന്ന് നിലകളില്‍ 8,000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിട്ടുളള പുതിയ വൈദ്യുതി ഭവന്റെ കെട്ടിടത്തില്‍ ചെങ്ങന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍, ഇലക്ട്രിക്കല്‍ സബ്ബ് ഡിവിഷന്‍, ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും.
സജി ചെറിയാന്‍ എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നും ഒരു കോടി രൂപയും ബോര്‍ഡിന്റെ ഫണ്ടും ഉള്‍പ്പെടെ 2.60 കോടി രൂപ ചിലവഴിച്ചാണ് കെട്ടിട സമുച്ചയം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
ഇതോടെ നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഓഫീസുകളാണ് ഒരു കുടകീഴിലേയ്ക്ക് മാറുന്നത്.
കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ച പഴയ ഓഫീസ് കെട്ടിടത്തില്‍ പരാധീനതകളുടെ നടുവില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കുവാനോ വിശ്രിക്കാനോ ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല.
ഓഫീസ് പരിസരത്ത് ബോര്‍ഡിന്റെ വാഹനങ്ങള്‍ക്ക് പോലും പാര്‍ക്കു ചെയ്യുന്നതിനും, ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനും സ്ഥലം തികഞ്ഞിരുന്നില്ല. ബില്‍ അടയ്ക്കുന്നതിനെത്തുവരുടെ ക്യൂ റോഡില്‍ വരെ നീണ്ടിരുന്നു.
ഇവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതു മൂലം സമീപമുള്ള എം.കെ റോഡില്‍ ഗതാഗത തടസ്സവും പതിവായിരുന്നു. പരിമിതികള്‍ ചൂണ്ടിക്കാട്ടി സജി ചെറിയാന്‍ എംഎല്‍എ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് 2020 ഡിസംബറില്‍ മന്ത്രി എം.എം മണി നിര്‍മ്മാണോദ്ഘാടനം നടത്തി.
പുതിയ കെട്ടിടത്തില്‍ പണം അടയ്ക്കാനായി എത്തുന്ന ഉപഭോക്താക്കള്‍ക്ക് കാത്തിരുപ്പ് മുറി, വനിത ജീവനക്കാര്‍ക്ക് പ്രത്യേക വിശ്രമമുറി, ലിഫ്റ്റ് സംവിധാനം, പാര്‍ക്കിംഗ് സൗകര്യം, സ്‌റ്റോര്‍ സൗകര്യം, ഫീല്‍ഡ് ജീവനക്കാര്‍ക്കുള്ള വിശ്രമമുറി എന്നിവ പ്രത്യേകം ഒരുക്കിയിട്ടുണ്ട്.
50 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്. പ്രകൃതി സൗഹൃദ നിര്‍മ്മാണത്തിന്റെ ഭാഗമായി 10 കിലോവാട്ട് സ്ഥാപിത ശേഷിയുള്ള സൗരോര്‍ജ്ജ പാനലുകള്‍ മേല്‍ക്കൂരയില്‍ സ്ഥാപിക്കും.
സെക്ഷന്‍ പരിധിയില്‍പ്പെടുന്ന 18,000ത്തോളം ഉപഭോക്താക്കള്‍ ഉള്‍പ്പെടെ ചെങ്ങന്നൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ പരിധിയില്‍ വരുന്ന ഒരു ലക്ഷത്തി അയ്യായിരത്തോളം ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ഈ കാര്യാലയം പ്രയോജനപ്രദമാകുമെന്നും ഉദ്ഘാടനം ഉടന്‍ ഉണ്ടാകുമെന്നും സജി ചെറിയാന്‍ എംഎല്‍എ അറിയിച്ചു.