കണ്ണൂര്‍: പയ്യാമ്പലത്തേക്കുള്ള കോടിയേരിയുടെ അന്ത്യയാത്ര പിണറായിയുടെ തോളിലേറി.
സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ സ്മാരകത്തില്‍ നിന്നും ആരംഭിച്ച വിലാപയാത്ര പയ്യാമ്പലത്ത് എത്തിയപ്പോഴാണ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം മുഖ്യമന്ത്രി പിണറായി വിജയനും ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും തോളിലേറ്റിയത്.
തന്റെ സഹോദരനാണ് കോടിയേരിയെന്ന് പറഞ്ഞ പിണറായി അക്ഷരാര്‍ത്ഥത്തില്‍ അന്ത്യയാത്രയിലും കോടിയേരിയെ തോളോടു ചേര്‍ത്തപ്പോള്‍ മനസിലെ വിങ്ങലിന്റെ നൊമ്പരം മുഖഭാവങ്ങളിലും നിഴലിച്ചു.
മൃതദേഹവും വഹിച്ചുകൊണ്ട് പയ്യാമ്പലത്തേക്ക് ഇരുവരും മുന്നില്‍ നിന്നായിരുന്നു യാത്ര.
കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാന്‍ കണ്ണൂരിലെ വീട്ടിലേക്കും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കും ഒഴുകിയെത്തിയത് ആയിരങ്ങളാണ്. പിന്നാലെ പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ മൃതദേഹം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. മൂന്നേകാല്‍ വരെ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്മാരകത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു.
ജനങ്ങള്‍ക്കും പാര്‍ട്ടിക്കും എന്നും പ്രിയനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അന്ത്യനിദ്ര മഹാരഥന്മാര്‍ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടല്‍ത്തീരത്താണ്.
മുന്‍മുഖ്യമന്ത്രി ഇ.കെ നായനാരുടെയും സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കിയത്. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപവും പണിയുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ആദരസൂചകമായി ഇന്ന് ഹര്‍ത്താല്‍ ആചരിച്ചു.