ഡല്‍ഹിയില്‍ പിടിയിലായ ഐഎസ് ഭീകരന്‍ മുഹമ്മദ് ഷാനവാസ് കേരളത്തിലെത്തിയിരുന്നുവെന്ന ഡല്‍ഹി പൊലീസിന്റെ കണ്ടെത്തലില്‍ അന്വേഷണം ആരംഭിച്ച് കേരളാ പൊലീസ്. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലില്‍ നിന്നും വിവരങ്ങള്‍ ആവശ്യപ്പെട്ടു.
കേരളാ ഇന്റലിജിന്‍സ് മേധാവി എഡിജിപി മനോജ് എബ്രഹാം നേരിട്ട് അന്വേഷിക്കും. ഡല്‍ഹിയില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു.
കേരളത്തിലെ വിവിധ ജില്ലകളില്‍ വന്നതിന്റെ തെളിവുകള്‍ ഡല്‍ഹി പൊലീസ് കേരളത്തിന് കൈമാറും. കേരള ഇന്റലിജന്‍സ് വുവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ തുടരും.
ഡല്‍ഹിയില്‍ പിടിയിലായ ഐഎസ് ഭീകരന്‍ മുഹമ്മദ് ഷാനവാസ് കേരളത്തിലുമെത്തിയിരുന്നതായി ഡല്‍ഹി പൊലീസ്. വനമേഖലയില്‍ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങള്‍ എടുത്തതായും ഈ ചിത്രങ്ങള്‍ കണ്ടുകിട്ടിയതായും ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ വ്യക്തമാക്കി.
ആളൊഴിഞ്ഞ കൃഷിഭൂമി, വനപ്രദേശം എന്നിവിടങ്ങളില്‍ കുക്കര്‍, ഗ്യാസ് സിലിണ്ടര്‍, ഐഇഡി എന്നിവ ഉപയോഗിച്ച് സ്‌ഫോടനം നടത്തി പരിശീലനം നടത്തിയതായും ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ വൃത്തങ്ങള്‍ അറിയിച്ചു.
എന്‍ഐഎ തലയ്ക്ക് വിലയിട്ട ഐ എസ് ഭീകരന്‍ മുഹമ്മദ് ഷെഹനാസ് എന്ന ഷാഫി ഉസ്മാന്‍ ഇന്നാണ് ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായത്. പൂനെ ഐ എസ് കേസുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഇയാളെ അറസ്റ്റ് ചെയ്തത്.
ഉത്തരേന്ത്യയിലെ വിവിധയിടങ്ങളില്‍ ഇയാള്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടുവെന്നും സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള സാധനങ്ങളും പിടികൂടിയെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
ദേശീയ അന്വേഷണ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭീകരനാണ് പിടിലായ ഷഹാനവാസ്. വാഹന മോഷണ കേസില്‍ ഇയാളെ കഴിഞ്ഞ ജൂലൈയില്‍ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ രണ്ട് കൂട്ടാളികളെ പിടികൂടി. ഇതോടെയാണ് ഐഎസ് ബന്ധം പുറത്ത് വന്നത്.