ആരോഗ്യ വകുപ്പിന്റെ കൂട്ടായ പ്രവര്‍ത്തനത്താല്‍ നിപയെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിഞ്ഞെന്ന് മന്ത്രി വീണ ജോര്‍ജ്ജ്.
രോഗം സ്ഥിരീകരിച്ചിരുന്ന നാല് പേരുടെയും ഫലം നെഗറ്റീവ് ആയത് ആശ്വാസമാണ്. നിപ രോഗമുക്തര്‍ ഐസൊലേഷനില്‍ കഴിയുന്ന ഇടങ്ങളില്‍ ആരോഗ്യ വകുപ്പ് കൃത്യമായ നടപടികള്‍ സ്വീകരിച്ചെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
പഴുതടച്ചുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് കോഴിക്കോട് നടന്നത്. രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കിയവര്‍ക്ക് ഉടന്‍ തന്നെ പ്രതിരോധ മരുന്നുകള്‍ നല്‍കിയത് ഗുണം ചെയ്തു. നിപ സ്ഥിരീകരിക്കുന്നതിന് മുന്‍പ് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗം പടരാതിരിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടു. ഇത് രോഗ വ്യാപനം ഇല്ലാതാക്കിയെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഇഖ്‌റ, മിംസ് ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് രോഗികള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. മൂന്ന് പേര്‍ വീട്ടിലേക്ക് മടങ്ങിയെന്നും രോഗ മുക്തനായ ആരോഗ്യ പ്രവര്‍ത്തകന്‍ സുരക്ഷിതമായി ഐസൊലേഷനില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് വ്യക്തമാക്കി.
നിലവില്‍ 568 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. 1176 മനുഷ്യ സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ പരിശോധന നടത്താനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബര്‍ 26 വരെ നിപ കണ്ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ഉണ്ടാകുമെന്നും, ട്രൂ നാറ്റ് പരിശോധനയ്ക്ക് ഉള്ള നടപടികള്‍ വേഗത്തിലാക്കിയെന്നും മന്ത്രി അറിയിച്ചു.