പാലക്കാട് ▪️ കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ചെന്നൈയില്‍ നിന്ന് യാത്ര പുറപ്പെട്ട് പാലക്കാടെത്തി.
രാത്രി പത്തരയോടെയാണ് ട്രെയിന്‍ പാലക്കാട് ജങ്ഷന്‍ റെയില്‍വെ സ്‌റ്റേഷനിലെത്തിയത്. നാളെ രാവിലെ ട്രെയിന്‍ തിരുവനന്തപുരത്ത് എത്തും എന്നാണ് ദക്ഷിണ റെയില്‍വേയുടെ അറിയിപ്പ്. ട്രയല്‍ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്.
ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് സൂപ്പര്‍ ഹിറ്റാക്കിയ കേരളത്തിലേക്ക് റെയില്‍വേയുടെ സമ്മാനമാണ് പുത്തന്‍ നിറമണിഞ്ഞ പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ്. ഇന്നലെ രാത്രി കാട് പാടി ജംഗ്ഷന്‍ വരെ നടത്തിയ ട്രയല്‍ റണ്ണും വിജയമായതോടെയാണ് ട്രെയിന്‍ പാലക്കാട് ഡിവിഷന് കൈമാറാനുളള പച്ചക്കൊടിയായത്.
ഔദ്യോഗിക അറിയിപ്പിന് പിന്നാലെ ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയാണ് രണ്ടാം വന്ദേ ഭാരത് എക്‌സ്പ്രസ് ചെന്നൈ സെന്‍ട്രലില്‍ നിന്ന് കേരളത്തിലേക്ക് യാത്ര പുറപ്പെട്ടത്.
വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കൂടി ബേസിന്‍ ബ്രിഡ്ജില്‍ തയ്യാറായിരുന്നെങ്കിലും ഡിസൈന്‍ മാറ്റം വരുത്തിയ പുതിയ വന്ദേഭാരത് ആണ് കേരളത്തിന് അനുവദിച്ചത്. ആകെ 8 കോച്ചുകളാണ് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസില്‍ ഉള്ളത്.
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിവിധ റൂട്ടുകളിലായി 9 വന്ദേഭാരത് സര്‍വീസുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്യും.