ചെങ്ങന്നൂര്‍: കശ്മീര്‍ യാത്രയില്‍ പൈതൃകങ്ങള്‍ കൈമാറിയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തിരികെയെത്തി.
കേരളത്തിന്റെയും കാശ്മീരിന്റെയും തനതായ സാംസ്‌കാരിക പൈതൃകങ്ങള്‍ പരസ്പരം കൈമാറിയാണ് ചെങ്ങന്നൂര്‍ സെന്റ് ഗ്രിഗോറിയസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തിരിച്ചെത്തിയത്.
36 വിദ്യാര്‍ത്ഥികളും 4 അദ്ധ്യാപകരുമായി 15 ദിവസം നീണ്ടു നിന്ന കശ്മീര്‍ യാത്രയില്‍ ഉടനീളം പുതിയ സംസ്‌കാരം വളര്‍ത്തിയെടുക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു.
ശ്രീനഗറിലെ ഗ്രീന്‍ വാലി എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനിലും, ഡല്‍ഹി പബ്ലിക് സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹോഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
തിരുവാതിര, മോഹിനിയാട്ടം, ഭരതനാട്യം, വള്ളപ്പാട്ട് എന്നീ കലാരൂപങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ കശ്മീര്‍ വിദ്യാര്‍ഥികള്‍ അവരുടെ വിവിധ തരം നാടോടി നൃത്തങ്ങളും ഗാനങ്ങളും അവതരിപ്പിച്ചു.
ഭാരതത്തിന്റെ അനിഷേധ്യമായ നാനാത്വത്തില്‍ ഏകത്വം എന്ന നയം രൂപപ്പെടുവാന്‍ യാത്രയിലൂടെ കഴിഞ്ഞെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ചെങ്ങന്നൂര്‍ സര്‍ഗവേദിയുടെ നേതൃത്വത്തില്‍ സ്വീകരണവും ഒരുക്കി. സര്‍ഗവേദി സെക്രട്ടറി പി.കെ രവീന്ദ്രന്‍ ആശംസകളറിയിച്ചു.