ചെങ്ങന്നൂര്‍ ▪️ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസി, ബ്ലഡ് ബാങ്കിന് സ്ഥലം വേണമെന്ന പേരില്‍ മാറ്റാന്‍ നീക്കം.
പാവപ്പെട്ട നൂറു കണക്കിന് രോഗികള്‍ കുറഞ്ഞ വിലയില്‍ മരുന്നുകള്‍ വാങ്ങുന്ന കാരുണ്യ ഫാര്‍മസി ആശുപത്രിയില്‍ നിന്നും മാറ്റാനുള്ള നീക്കം ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി ആരംഭിച്ചു.
കഴിഞ്ഞ ദിവസം കൂടിയ എച്ച്എംസി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനിക്കുകയും മറ്റൊരു സ്ഥലം കണ്ടെത്താന്‍ കാരുണ്യ ഫാര്‍മസിയുടെ ചുമതലക്കാരായ കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന് കത്തയച്ചതായും അറിയുന്നു.
2014 ഫെബ്രുവരി 24ന് പഴയ ആശുപത്രി കെട്ടിടത്തില്‍ ആരംഭിച്ച കാരുണ്യ ഫാര്‍മസി പുതിയ ആശുപത്രിയുടെ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ 2021 ജൂണില്‍ ഗവ ബോയ്‌സ് ഹൈസ്‌കൂളിലെ ഇപ്പോഴത്തെ താല്‍ക്കാലിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയാണ് ബ്ലഡ് ബാങ്ക് പ്രവര്‍ത്തിക്കാന്‍ സ്ഥലം വേണമെന്ന മുടന്തന്‍ ന്യായം പറഞ്ഞാണ് ഇപ്പോള്‍ മാറ്റാന്‍ ശ്രമം തുടങ്ങിയത്.
നിലവിലുള്ള താല്‍ക്കാലിക ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. ഓപ്പറേഷന്‍ തീയേറ്റര്‍ പ്രവര്‍ത്തിക്കുന്നത് പഴയ ആശുപത്രിയിലെ മാതൃശിശു കേന്ദ്രത്തിലാണ്.
പിന്നെ എന്തിനാണ് ഓപ്പറേഷന്‍ തീയേറ്റര്‍ സൗകര്യങ്ങള്‍ ഒന്നും തന്നെയില്ലാത്ത സ്ഥലത്ത് ബ്ലഡ് ബാങ്കിന്റെ പേരില്‍ ഫാര്‍മസി മാറ്റാനുള്ള നീക്കം എന്ന് മനസിലാകുന്നില്ല.
20% മുതല്‍ 90% വരെ വിലക്കുറവില്‍ മരുന്ന് ലഭ്യമാകുന്ന കാരുണ്യ സാധാരണക്കാരായ രോഗികള്‍ക്ക് വലിയ ആശ്വാസമായിരുന്നു.
കഴിഞ്ഞ മാസം മന്ത്രിമാര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ വരുന്ന ജൂണില്‍ ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനിടെയാണ് ഫാര്‍മസി മാറ്റാന്‍ നീക്കം നടത്തുന്നത്.
ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസി മാറ്റാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും രോഗികള്‍ക്ക് കുറഞ്ഞ വിലയില്‍ മരുന്ന് ലഭ്യമാക്കാനുള്ള സൗകര്യം നിലനിര്‍ത്താന്‍ മന്ത്രി സജി ചെറിയാന്‍ അടിയന്തിരമായി ഇടപെടണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.
അതേസമയം സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളെ സഹായിക്കാനുള്ള ചിലരുടെ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആക്ഷേപമുയര്‍ന്നു.