ചെങ്ങന്നൂര്‍: കല്ലിശ്ശേരി കെ.എം ചെറിയാന്‍ ആശുപത്രിയിലെ മാലിന്യ പ്രശ്‌നത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളുമായി കളക്ടറേറ്റില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ മലിനീകരണ ബോര്‍ഡിന് ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ നിര്‍ദ്ദേശം നല്‍കി.
ആശുപത്രിയില്‍ നിന്നും മലിന ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ പരാതിയിലാണ് ഇന്ന് രാവിലെ ആലപ്പുഴ ജില്ലാ കളക്ടര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയത്.
മലിനജല സംസ്‌കരണ പ്ലാന്റില്‍ നിന്നും അധികം വരുന്ന മലിന ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതോടെ സമീപ വീടുകളിലെ പറമ്പുകളിലും കിണറുകളിലും മലിനജലം നിറയുന്നതിനാല്‍ മാസങ്ങളായി കുടിവെള്ളം ഇല്ലാതെ സമീപ വാസികള്‍ ദുരിതത്തിലാണ്.
ഇതിനു പരിഹാരം എന്നാവശ്യപെട്ട് എന്റെ കല്ലിശ്ശേരി വാട്ട്‌സാപ്പ് കൂട്ടായ്മയും സമീപ വാസികളും സംയുക്തമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു പ്രതിഷേധ ജാഥയും ആശുപത്രിക്ക് മുന്‍പില്‍ ധര്‍ണ്ണയും നടത്തിയിരുന്നു.
ആശുപത്രിയിലെ മാലിന്യ പ്രശ്‌നങ്ങളെ കുറിച്ച് വിശദമായി സമീപവാസികള്‍ കളക്ടറെ ധരിപ്പിച്ചു. ഇതേ തുടര്‍ന്നാണ് മലിനീകരണ ബോര്‍ഡ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ജില്ലാ കളക്ടര്‍ ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.
എന്റെ കല്ലിശ്ശേരി വാട്ട്‌സ്ആപ്പ് കൂട്ടായ്മ പ്രസിഡണ്ട് സജി പാറപ്പുറം, ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ റെജി പാലത്തിനാല്‍, ജോ. കണ്‍വീനര്‍ ബിനുമോന്‍ പി.എസ്, കണ്‍വീനര്‍മാരായ ഷൈനി പാലത്തിനാല്‍, റോയി എം.ജോര്‍ജ്, പി.എസ് നൈനാന്‍, പി.എന്‍ജയകൃഷ്ണന്‍, സുഭദ്ര തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.