തിരുവനന്തപുരം ▪️ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍.
പിണറായി വിജയന്‍ രാജാപ്പാര്‍ട്ട് കെട്ടുന്നുവെന്നായിരുന്നു സുധാകരന്റെ പരിഹാസം കലര്‍ന്ന വിമര്‍ശനം. ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ പിണറായിക്ക് യുഡിഎഫിനെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും കെ. സുധാകരന്‍ എംപി ചൂണ്ടിക്കാണിച്ചു.
ജനസമ്പര്‍ക്ക പരിപാടി നടത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിയുന്നതിനും പരിപാടി തടയുന്നതിനും ജനങ്ങളെ ആക്രമിക്കുന്നതിനും നിര്‍ദേശം നല്‍കിയ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് നവകേരള സദസ് ബഹിഷ്‌കരിച്ച യുഡിഎഫിനെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹതയാണുള്ളതെന്ന് കെപിസിസി പ്രസിഡന്റ് ചോദിച്ചു.
പിണറായിയുടെ കെട്ടുകാഴ്ചയില്‍ പാവപ്പെട്ടവര്‍ക്ക് സ്ഥാനമില്ലാത്തതുകൊണ്ടാണ് യുഡിഎഫ് ബഹിഷ്‌കരിച്ചത്. മഞ്ചേശ്വരത്തു നടന്ന പൊതുപരിപാടിയില്‍ പാവപ്പെട്ടവര്‍ക്ക് പുറമ്പോക്കിലായിരുന്നു സ്ഥാനം. ഒരു പരാതി പോലും പരിഹരിക്കുകയോ ഒരു രൂപയുടെ ധനസഹായം നല്‍കുകയോ ചെയ്തില്ല.
ഉമ്മന്‍ ചാണ്ടി 2011, 2013, 2015 വര്‍ഷങ്ങളില്‍ മൂന്നു തവണ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ കാസര്‍കോട് ജില്ലയിലെ 94,696 പരാതികളാണ് പരിഹരിച്ചത്. പാവപ്പെട്ടവര്‍ക്ക് 11.94 കോടി രൂപയും വിതരണം ചെയ്തു. 47 മണിക്കൂര്‍ അദ്ദേഹം കാസര്‍കോഡ് പാവപ്പെട്ടവരോടൊത്ത് ചെലവഴിച്ചു.
മൊത്തം ജനസമ്പര്‍ക്ക പരിപാടിയില്‍ 11.45 ലക്ഷം പരാതികള്‍ പരിഹരിക്കുകയും 242 കോടി രൂപ ചെലവഴിക്കുകയും ചെയ്തു എന്നാണ് പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ കണക്ക്.
എന്നാല്‍ ഇങ്ങനെയൊരു തപസ്യയ്ക്ക് പിണറായി വിജയന്‍ തയാറായില്ല. ബെന്‍സ് വാഹനവും തലപ്പാവുമൊക്കെയായി രാജാപ്പാര്‍ട്ട് കെട്ടാനാണ് അദ്ദേഹത്തിന്റെ മോഹം. നൂറു ജന്മമെടുത്താലും ഉമ്മന്‍ ചാണ്ടിയാകാന്‍ പിണറായി വിജയനു സാധിക്കില്ലെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി.