
തിരുവനന്തപുരം ▪️ സംസ്ഥാനത്തെ കോണ്‍ഗ്രസ് സിറ്റിംഗ് എംപിമാരില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും കെ.സി വേണുഗോപാലും മത്സരിച്ചേക്കില്ല.
നിലവില്‍ സിറ്റിങ്ങ് എംപിമാര്‍ എല്ലാവരും മത്സരിക്കണമെന്നാണ് ഹൈക്കമാന്റ് നിലപാട്. പ്രാഥമിക പ്രവര്‍ത്തനം തുടങ്ങാനാണ് എംപിമാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കുക.
ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് കെ.സി വേണുഗോപാല്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇതിന് സാധ്യതയില്ല.
കഴിഞ്ഞതവണ യുഡിഎഫ് പരാജയപ്പെട്ട ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്.
ദേശീയതലത്തില്‍ സുപ്രധാന ചുമതല വഹിക്കുന്ന സാഹചര്യത്തില്‍ കെ.സി മത്സരിക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഷാനിമോള്‍ ഉസ്മാന്‍, എം ലിജു, എ.എ ഷുക്കൂര്‍ എന്നിവര്‍ക്കാണ് പ്രഥമ പരിഗണന.
മത്സരത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ലെന്ന സന്ദേശമാണ് സിറ്റിംഗ് എംപി മാര്‍ക്ക് ഹൈക്കമാന്റ് നല്‍കുന്നത്. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ കെ. സുധാകരന് ഇളവ് ലഭിക്കാനാണ് സാധ്യത.
കെ. മുരളീധരന്‍, ടി.എന്‍ പ്രതാപന്‍, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍ എന്നിവര്‍ കേരള രാഷ്ട്രീയത്തിലേക്ക് തിരികെയെത്താന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു.
സുധാകരന് ഇളവ് ലഭിച്ചാല്‍ കണ്ണൂരില്‍ ആര് പകരക്കാരനാകുമെന്ന് വ്യക്തമല്ല. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും സുധാകരന്റെ വിശ്വസ്തനുമായ കെ. ജയന്ത്, എം. ലിജു, കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ മോഹനന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന പ്രതീക്ഷയിലാണ് കെപിസിസി നേതൃത്വം. വടകരയില്‍ നിന്ന് കെ മുരളീധരനെ കണ്ണൂരിലേക്ക് മാറ്റണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ശക്തമാണ്. പകരം മുല്ലപ്പള്ളി രാമചന്ദ്രനെ വടകരയില്‍ മത്സരിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
മൂന്ന് ടേം തികച്ച സിറ്റിംഗ് എംപിമാര്‍ മാറിനില്‍ക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. യുവാക്കള്‍ക്കും വനിതകള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കണമെന്ന അഭിപ്രായവും ശക്തമാണ്. ഈകാര്യത്തില്‍ ഹൈക്കമാന്‍ഡ് നിലപാട് നിര്‍ണായകമാകും.