
തിരുവനന്തപുരം ▪️ആലത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണന്‍ നാളെയോ മറ്റന്നാളോ മന്ത്രിസ്ഥാനം രാജി വെക്കും.
രാജിവെക്കുന്ന ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു മന്ത്രിയായേക്കും എന്നാണ് സൂചന.
നാളെത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷമാകും രാജിവെയ്ക്കുന്ന സമയത്തില്‍ അന്തിമ തീരുമാനം.
കെ. രാധാകൃഷ്ണന്റെ രാജിയോടെ മന്ത്രിസഭാ പുന:സംഘടന ഉറപ്പായിരിക്കുകയാണ്. മന്ത്രിസഭാ പുന:സംഘടന എന്നുവേണമെന്നും നാളെത്തെ സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനമാകും.
പുന:സംഘടന നിയമസഭാ സമ്മേളനത്തിന് മുന്‍പ് നടക്കാനാണ് സാധ്യത. ഈമാസം 10നാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിനുള്ള കേളുവിന്റെ അനുകൂല ഘടകങ്ങള്‍.
സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് എംഎല്‍എമാര്‍ സിപിഎമ്മിലില്ല. ആദിവാസി വിഭാഗത്തില്‍ നിന്നുളള നേതാവെന്നതും കേളുവിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുളള ആരെയും ഇതുവരെ സിപിഎം മന്ത്രിയാക്കിയിട്ടില്ല.
സിപിഎം വര്‍ഗബഹുജന സംഘടനയായ ആദിവാസി ക്ഷേമസമിതിയുടെ പ്രസിഡന്റാണ് കേളു. വയനാടിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഇല്ലാത്തതും കേളുവിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.