ചെങ്ങന്നൂര്‍: യുദ്ധരംഗത്ത് സഹസൈനികരുടെ ജീവന്‍ രക്ഷിച്ച ചെങ്ങന്നൂരിന്റെ സ്വന്തം വീരയോദ്ധാവിനെ നാവികസേന മറന്നില്ല. കൊച്ചി നേവല്‍ ബേസില്‍ സ്മാരകവും ഉയര്‍ന്നു.
1971ലെ ഇന്ത്യ-പാക്ക് യുദ്ധത്തില്‍ കടലില്‍ മുങ്ങിയ സൈനികരെ ജീവന്‍ പണയം വെച്ച് രക്ഷപെടുത്തിയതിന് രാജ്യം ശൗര്യചക്ര സമ്മാനിച്ച മുളക്കുഴ പിരളശ്ശേരി ഐരൂക്കുഴിയില്‍ ജോസഫ് ബേബി (58) യുടെ പേരിലാണ് കൊച്ചി നേവല്‍ ബേസില്‍ സ്മാരകം ഉയര്‍ന്നത്.
ദക്ഷിണ നാവിക കമാന്‍ഡിനു കീഴിലെ ഐഎന്‍എച്ച്എസ് സഞ്ജീവനി യില്‍ നവീകരണം പൂര്‍ത്തിയാ ക്കിയ 121 മെന്‍ ഇന്‍ലിവിങ് സെയിലേഴ്‌സ് അക്കമഡേഷനു ജോസഫ് ബേബിയുടെ സ്മരണാര്‍ഥം ‘ജോസഫ് ബ്ലോക്ക്’ എന്നു പേരു നല്‍കി.
ഈ ഇരട്ട ബഹുനില കെട്ടിടങ്ങള്‍ ഇനി ചെങ്ങന്നൂരിന്റെ വീര പുത്രന്റെ പേരില്‍ അറിയപ്പെടും. ഉയര്‍ന്ന നാവിക സേന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ജോസഫ് ബേബിയുടെ മകന്‍ എബി ജോസഫ് ഐരൂക്കുഴി ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്തു.
ദക്ഷിണ നാവിക കമാന്‍ഡ് മെഡിക്കല്‍ ഓഫിസര്‍ സര്‍ജന്‍ റിയര്‍ അഡ്മി റല്‍ ദിനേഷ് ശര്‍മ, ഐഎന്‍എച്ച്എസ് സഞ്ജീവനി കമാന്‍ഡിങ് ഓഫിസര്‍ അശോക് കെ. യാദവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു
1971 ലെ യുദ്ധകാലത്ത് ബംഗ്ലാദേശ് തീരത്തു കോക്‌സ് ബസാറില്‍ യുദ്ധകപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ ലീഡിങ് മെഡിക്കല്‍ അസിസ്റ്റന്റ് ആയിരുന്നു ജോസഫ്.
പാകിസ്ഥാന് സൈനിക പിന്തുണയുമായി എത്തിയ അമേരിക്കയുടെ ഏഴാം കപ്പല്‍പ്പടയ്ക്ക് ലക്ഷ്യത്തില്‍ എത്താന്‍ തടസ്സമുണ്ടാക്കിയതാണ് വിക്രാന്തത്തിന്റെ പ്രധാന നേട്ടം. ചിറ്റഗോംഗില്‍ കോക്‌സ് ബസാര്‍ എയര്‍പോര്‍ട്ടില്‍ എയര്‍ ക്രാഫ്റ്റ് ലാന്‍ഡ് ഒരുക്കുകയായിരുന്നു അമേരിക്കന്‍ സൈനിക ലക്ഷ്യം. അമേരിക്കന്‍ കപ്പല്‍ വ്യൂഹം എത്തുന്നതിന്നു രണ്ടുമണിക്കൂര്‍ മുന്‍പേ എയര്‍പോര്‍ട്ട് തകര്‍ക്കാന്‍ ഇന്ത്യന്‍ സൈന്യത്തിനു കഴിഞ്ഞു.
പോരാട്ട മുഖത്തു നിന്നും എത്തിയ സൈനികര്‍ പുറംകടലില്‍ നിന്ന് കരയിലേക്ക് പോകുന്നതിന് വേണ്ടി കയര്‍ വഴി ചെറുബോട്ടുകളിലേക്ക് ഇറങ്ങവെ വടം പൊട്ടി സൈനികര്‍ കടലില്‍ വീണു. അതിശക്തമായ തിരയിലും അടിയൊഴുക്കിലും പെട്ട് സൈനികര്‍ മുങ്ങിത്താണു.
അടിയന്തിര സാഹചര്യത്തില്‍ മുങ്ങുന്നവരെ രക്ഷിക്കാന്‍ ജീവന്‍ പണയം വെച്ച് ജോസഫ് കടലിലേക്കു ചാടി. നീണ്ട പ്രയത്‌നത്തിനു ശേഷം സൈനികരുടെ ജീവന്‍ രക്ഷിച്ചതിനാണ് ഭാരത സര്‍ക്കാര്‍ ശൗര്യചക്ര ജോസഫിന് സമ്മാനിച്ചത്.
നാവിക സേനയില്‍ മെഡിക്കല്‍ വിഭാഗത്തില്‍ നിന്ന് ആദ്യമായി ശൗരചക്ര ലഭിച്ചതും ജോസഫ് ബേബിയ്ക്കായിരുന്നു. ജോസഫ് ഉള്‍പ്പെട്ട സൈനികരുടെ ധീരത മാധ്യമങ്ങളിലൂടെ രാജ്യം അറിഞ്ഞു.
യുദ്ധവിജയത്തിനു ശേഷം കല്‍ക്കട്ട തുറമുഖത്ത് എത്തിയതു മുതല്‍ നാടെങ്ങും സൈനികര്‍ക്ക് ആവേശകരമായ സ്വീകരണമായിരുന്നു ലഭിച്ചത്. അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് വി.വി ഗിരിയില്‍ ശൗര്യചക ജോസഫ് ഏറ്റുവാങ്ങി.
1975ല്‍ സൈനിക സേവനം അവസാനിപ്പിച്ച ജോസഫ് തുടര്‍ന്ന് വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടില്‍ വിശ്രമജീവിതം നയിച്ചു. 2003ല്‍ അന്തരിച്ച ജോസഫിനെയും അദ്ദേഹത്തിന്റെ യുദ്ധരംഗത്തെ ധീരതയേയും നാവികസേന മറന്നില്ല. ഇതിന്റെ ഭാഗമായാണ് സേനാംഗങ്ങളുടെ ഓര്‍മ്മയില്‍ എന്നെന്നും നില നില്‍ക്കുന്ന സ്മാരകമൊരുങ്ങിയത്.
കുടുംബ വീട്ടില്‍ നേവിയുടെ സന്ദേശം നിരവധി തവണ എത്തിയെങ്കിലും ആള്‍ താമസം ഇല്ലാത്തതിനാല്‍ അവ മടങ്ങിയിരുന്നു. സ്മാരക ഉദ്ഘാടനത്തിന് ജോസഫിന്റെ ബന്ധുക്കള്‍ വേണമെന്ന സേനയുടെ നിശ്ചയദാര്‍ഢ്യത്തെ തുടര്‍ന്ന് ദുബായ് അമിറ്റി സര്‍വ്വകലാശാലയില്‍ ഫോറന്‍സിക് വിഭാഗം തലവനായ മകന്‍ എബിയുമായി ബന്ധപ്പെട്ടു.
നാവിക സേനയുടെ ക്ഷണം ആദ്യ വിശ്വസിക്കാനായില്ല. നിറഞ്ഞ കണ്ണുകളോടെയാണ് ക്ഷണം സ്വീകരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്തരിച്ച പിതാവിന്റെ പേരില്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള സ്മാരകം നിര്‍മ്മിച്ചതില്‍ കുടുംബത്തിന് അഭിമാനവും കടപ്പാടും ഉണ്ടെന്നും എബി ജോസഫ് പറഞ്ഞു.
പരേതയായ റിട്ട. അധ്യാപിക എലിസബേത്ത് ആണ് ജോസഫിന്റെ ഭാര്യ. അനില്‍ ജോസഫ്, ആഷ ജോസഫ്, ലീന ജോസഫ് എന്നിവരാണ് മറ്റു മക്കള്‍.
https://youtu.be/srWgc0TUt8k