രണ്ടു കൈകളും ഇല്ലാത്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിക്കൊണ്ട് കേരളം ചരിത്രം കുറിച്ചു.
ഇരു കൈകളുമില്ലാതെ ജനിച്ച കുമാരി ജിലുമോള്‍ മാരിയറ്റ് തോമസ് നാലുചക്ര വാഹനം ഓടിക്കുന്നതിനായി ലൈസന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഞ്ച് വര്‍ഷം മുന്‍പാണ് മോട്ടോര്‍ വാഹന വകുപ്പിനെ സമീപിച്ചത്.
എന്നാല്‍ സാങ്കേതികവും, നിയമപരവുമായ കാരണങ്ങളാല്‍ അന്ന് അത് നടക്കാതെ പോകുകയായിരുന്നു. തോറ്റു പിന്‍മാറാതെ ആത്മവിശ്വാസത്തോടെ പല ഘട്ടങ്ങള്‍ കടന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ മുമ്പില്‍ ഈ വിഷയം എത്തിച്ചു.
അദ്ദേഹം സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോട് ഇതിനൊരു പരിഹാരം തേടുകയും ചെയ്തു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എറണാകുളം ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറോട് ഈ വിഷയത്തിന്റെ സാധ്യത പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.
എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പഠനം നടത്തുകയും, കുട്ടിയുടെ ശാരീരിക വൈകല്യങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ വാഹനത്തിന് വേണ്ട മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു.
എന്നാല്‍ വാഹനത്തിന്റെ രൂപമാറ്റത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമല്ലാതിരുന്ന സാഹചര്യത്തില്‍ ഈ മേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തികൊണ്ട് നീണ്ട ഒരു വര്‍ഷക്കാലത്തെ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശ്രമഫലമായിട്ടാണ് വാഹനം ഇപ്പൊള്‍ തയ്യാറായിരിക്കുന്നത്.
വാഹനത്തിന്റെ പ്രധാന നിയന്ത്രണങ്ങള്‍ നേരിട്ടും, ചെറിയ നിയന്ത്രണങ്ങള്‍ വോയ്‌സ് റെക്കഗ്‌നിഷന്‍ മോഡ്യൂള്‍ വഴിയും ജിലു മോള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കും.
രൂപ മാറ്റങ്ങളുടെ പ്രവര്‍ത്തന ക്ഷമത മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം വാഹനം അഡാപ്റ്റഡ് വെഹിക്കിള്‍ എന്ന ക്ലാസ്സിലേക്ക് മാറ്റം വരുത്തി കൊടുക്കുകയും ചെയ്തു.
ജിലു മോള്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 14ന് നടത്തിയ ലേണേഴ്‌സ് ടെസ്റ്റ് പാസ്സാവുകയും, തനിക്ക് വേണ്ടി രൂപ മാറ്റം വരുത്തിയെടുത്ത ഈ വാഹനത്തില്‍ പ്രാവീണ്യം നേടുകയും, നവംബര്‍ 30ന് നടന്ന ഡ്രൈവിങ് ടെസ്റ്റ് പാസ്സാവുകയും ചെയ്തു്.
ഇപ്രകാരം ഇരുകൈകളും ഇല്ലാത്ത ഒരു പെണ്‍കുട്ടിക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നത് നമ്മുടെ രാജ്യത്ത് ഒരു പക്ഷെ ഏഷ്യയിലെ തന്നെ ആദ്യ സംഭവമായിരിക്കും.
കേവലം ലൈസന്‍സ് നല്‍കുന്നുവെന്നു മാത്രമല്ല സ്വന്തം ശാരീരിക ബുദ്ധിമുട്ടുകളെ മറികടന്ന് സുരക്ഷിതമായി എല്ലാ സാഹചര്യങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു വാഹനം കൂടി നിയമാനുസൃതമായി നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു ഭിന്ന ശേഷി സൗഹൃദ രംഗത്ത് പുതിയൊരു ചുവട് വയ്പ്പ് നടത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പും സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റും അതിലൂടെ കേരള സംസ്ഥാനവും.
ലോക ഭിന്നശേഷി സൗഹൃദ ദിനമായ ഡിസംബര്‍ 3നോട് അനുബന്ധിച്ച് നവ കേരള സദസ്സിന്റെ വേദിയില്‍ ഈ നേട്ടം ആഘോഷിച്ചു.
സ്വയം പര്യാപ്തത നേടാനായി നിയമ പോരാട്ടം നടത്തി നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായ ഇടുക്കിയില്‍ ജനിച്ച് ഇപ്പോള്‍ എറണാകുളത്ത് താമസമാക്കിയ ജിലുമോള്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ലൈസന്‍സ് ഏറ്റുവാങ്ങി.