നൂറനാട് ▪️ വയോധികയെ കാറില്‍ കയറ്റി മുഖത്ത്് പെപ്പര്‍ സ്‌പ്രേ അടിച്ചു ആഭരണ കവര്‍ച്ച നടത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കകം നൂറനാട് പോലീസ് പിടികൂടി.
അടൂര്‍ മൂന്നളം ഭാഗത്ത് സഞ്ജിത് ഭവനില്‍ സഞ്ജിത്ത് എസ്. നായര്‍ (44) ആണ് പിടിയിലായത്.
തിങ്കളാഴ്ച രാവിലെ 11.30 ഓടെ ഇടപ്പോണ്‍ എ.വി മുക്കില്‍ പന്തളത്തേക്ക് ബസ് കാത്തുനിന്ന വയോധികയെ ആണ് സഞ്ജിത്ത് കാറില്‍ കയറ്റി കൊണ്ടുപോയി ആഭരണ കവര്‍ച്ച നടത്തിയത്.
പോലീസ് പറയുന്നത് ഇങ്ങനെ:
പന്തളം എസ്ബിഐ ബാങ്കില്‍ വാര്‍ദ്ധക്യ കാല പെന്‍ഷന്‍ വാങ്ങുന്നതിനാണ് ആറ്റുവ സ്വദേശിയായ 75 കാരി ബസ് കാത്തു നിന്നത്. കാറില്‍ വന്ന ഇയാള്‍ വയോധികയോട് പന്തളത്തേക്കുള്ള വഴി ചോദിച്ചു.
വഴി പറഞ്ഞു കൊടുത്തപ്പോള്‍ പന്തളത്തേക്കാണ് എങ്കില്‍ കാറില്‍ കയറാന്‍ പറഞ്ഞു. വരുന്നില്ല എന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ച് കാറിന്റെ പിന്‍സീറ്റില്‍ കയറ്റി യാത്ര തുടര്‍ന്നപ്പോള്‍ യുവാവ് വിശേഷങ്ങള്‍ ആരാഞ്ഞു.
ചേരിക്കല്‍ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോഴേക്കും അയാളുടെ ഭാവം മാറി. വയോധികയുടെ മുഖത്തേക്ക് മൂന്നുതവണ പെപ്പര്‍ സ്‌പ്രേ അടിച്ചു. മുഖം പൊത്തി ശ്വാസം മുട്ടലോടെ ഇരുന്ന വയോധികയുടെ കഴുത്തില്‍ കിടന്ന മാല വലിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ചു എങ്കിലും കഴുത്തില്‍ കുത്തിപ്പിടിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.
ഭയന്നു പോയ അവരുടെ കഴുത്തില്‍ കിടന്ന 3 പവന്‍ സ്വര്‍ണ മാലയും 1 പവന്‍ തൂക്കം വരുന്ന വളയും കാറില്‍ വന്നയാള്‍ ബലമായി ഊരിയെടുത്തു.
വീണ്ടും മുന്നോട്ട് പോയ കാര്‍ റോഡരികില്‍ നിര്‍ത്തി ഇയാള്‍ വയോധികയെ റോഡില്‍ തള്ളിയിറക്കി. ഇറങ്ങുന്നതിനിടയില്‍ ഇവരുടെ കൈയിലിരുന്ന പഴ്‌സും യുവാവ് തട്ടിപ്പറിച്ചെടുത്തു.
റോഡില്‍ കരഞ്ഞു കൊണ്ടു നിന്ന വയോധികയെ സമീപത്തെ വീട്ടിലെ വീട്ടമ്മയും തൊഴിലുറപ്പു തൊഴിലാളി സ്ത്രീകളും അടുത്ത വീട്ടില്‍ കൊണ്ടുപോയി കുടിക്കാന്‍ വെള്ളം നല്‍കിയും മുഖത്ത് ഐസ് വച്ച് കഴുകിയും ശുശ്രൂഷിച്ചതിനു ശേഷം വണ്ടിക്കൂലി നല്‍കി വീട്ടിലേക്ക് ബസ് കയറ്റിവിട്ടു.
വീട്ടില്‍ എത്തിയ ശേഷമാണ് പോലീസില്‍ വിവരമറിയിച്ചത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹന ചന്ദ്രന്‍ ഉടന്‍ തന്നെ ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ നൂറനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ കേസ് അന്വേഷണത്തിന് നിയോഗിച്ചു.
വെളുത്ത കാറില്‍ വന്ന ആള്‍ എന്നു മാത്രമേ വയോധികക്ക് പ്രതിയെ പറ്റി സൂചന നല്‍കാന്‍ സാധിച്ചിരുന്നുള്ളൂ. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ പ്രതിവന്ന കാറിന്റെ നമ്പര്‍ കണ്ടെത്തി. പിന്നെ അതിന്റെ ഉടമയിലേക്ക് അന്വേഷണം ആരംഭിച്ചു.
വൈകിട്ട് 6.30ഓടെ സഞ്ചിത്ത് എസ്. നായരെ കസ്റ്റഡിയില്‍ എടുത്തു. ആദ്യം സംഭവം നിഷേധിച്ച പ്രതി തനിക്ക് ഒന്നുമറിയില്ല എന്ന നിലപാടില്‍ ഉറച്ചു നിന്നു. വയോധിക പ്രതിയെ തിരിച്ചറിഞ്ഞതും സി.സി.ടി.വി. ദൃശ്യങ്ങളും ആധാരമാക്കിയുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
ഇയാളുടെ വീട്ടില്‍ ഒളിപ്പിച്ചു വച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പെപ്പര്‍ സ്‌പ്രേയും കണ്ടെടുത്തു. ഇയാള്‍ സഞ്ചരിച്ചു വന്ന സുസുക്കി ഡിസയര്‍ കാറും പിടിച്ചെടുത്തു. ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ ഇയാള്‍ കുറച്ച് വര്‍ഷം മുമ്പ് വരെ വിദേശത്ത് ജോലി ചെയ്യുകയായിരുന്നു.
വിദേശ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ശേഷം മറ്റു വരുമാന മാര്‍ഗ്ഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. കാറിന്റെയും ആഡംബര ബൈക്കിന്റെയും ലോണ്‍ കുടിശ്ശികയായി. കടബാധ്യത പെരുകിയപ്പോള്‍ പ്രതി മോഷണം നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു.
OZLER എന്ന സിനിമ കണ്ടാണ് പെപ്പര്‍ സ്‌പ്രേ ആയുധമാക്കി കവര്‍ച്ച പ്ലാന്‍ ചെയ്തത് എന്ന് പ്രതി വെളിപ്പെടുത്തി. ഇന്നലെ രാവിലെ അടൂരിലെ വീട്ടില്‍ നിന്നും കാറില്‍ കവര്‍ച്ചക്ക് പറ്റിയ ഇരയെ തേടി സഞ്ചരിക്കുന്നതിനിടയിലാണ് ആറ്റുവ സ്വദേശിയായ വയോധികയെ കണ്ടെത്തുന്നത്.
ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലവും മുന്‍പ് ഇത്തരം കൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്നതും അന്വേഷിച്ചു വരുന്നു. പ്രതിയെ ഇന്ന് മാവേലിക്കര കോടതി മുമ്പാകെ ഹാജരാക്കി.
നൂറനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിനൊപ്പം എസ്‌ഐമാരായ സുഭാഷ് ബാബു .കെ, ഗോപാലകൃഷ്ണന്‍ ടി.ആര്‍, രാജേന്ദ്രന്‍ .ബി, എഎസ്‌ഐ അജിതകുമാരി .ജെ, എസ് സിപിഒമാരായ ഷാനവാസ് എം.കെ, മനു കുമാര്‍ .പി, സിജു .എച്ച്, ശരത്ത് ചന്ദ്രന്‍ .എസ്, വിഷ്ണു വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.