മാവേലിക്കര ▪️മാന്നാര്‍ ജയന്തി വധക്കേസില്‍ ഭര്‍ത്താവ് കുട്ടിക്കൃഷ്ണന് വധശിക്ഷ വിധിച്ച് കോടതി.
മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.
2004 ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ഭാര്യ ജയന്തിയെ സംശയത്തിന്റെ പേരില്‍ മാന്നാര്‍ കുട്ടമ്പേരൂര്‍ താമരപ്പള്ളില്‍ കുട്ടികൃഷ്ണന്‍. ജി.പി കുട്ടികൃഷ്ണന്‍ ഒന്നര വയസ്സുകാരിയായ മകളുടെ മുന്നില്‍ വച്ച് കറിക്കത്തിയും ചുറ്റികയും ഉളിയും ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇരുപതു വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.
കുട്ടികൃഷ്ണന്റെ പ്രായവും മാതാപിതാക്കളുള്‍പ്പെടെ ആരുടെയും തുണയില്ലാത്തതും പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു.
ഒന്നേകാല്‍ വയസ് മാത്രമുള്ള കുഞ്ഞിന്റെ മുന്നില്‍ ജയന്തിയെ അതിക്രൂരമായി കൊലയ്ക്കിരയാക്കിയ പ്രതി ഇളവ് അര്‍ഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി.വി സന്തോഷ് കുമാര്‍ വാദിച്ചു.
വള്ളികുന്നം മൂന്നാം വാര്‍ഡില്‍ രാമകൃഷ്ണ ഭവനത്തില്‍ പരേതനായ രാമകൃഷ്ണകുറുപ്പിന്റെയും ശങ്കരിയമ്മയുടെയും മൂന്ന് പെണ്‍മക്കളില്‍ ഏറ്റവും ഇളയമകളായിരുന്നു ജയന്തി.
ബിഎസ്‌സി പാസായി നില്‍ക്കുമ്പോഴായിരുന്നു ഗള്‍ഫുകാരനായ കുട്ടികൃഷ്ണനുമായുള്ള വിവാഹം. വിവാഹശേഷം മാന്നാര്‍ ആലുംമൂട് ജംഗ്ഷന് സമീപം വീട് വാങ്ങി ജയന്തിയുമൊത്ത് താമസമാരംഭിച്ച കുട്ടികൃഷ്ണന്‍ മകള്‍ ജനിച്ച് ഒരുവര്‍ഷവും രണ്ട് മാസവും കഴിഞ്ഞപ്പോഴാണ് കൊലപാതകം നടത്തിയത്.
ഭാര്യയെ സംശയമായിരുന്ന കുട്ടിക്കൃഷ്ണന്‍ ജയന്തിയെ വീട്ടിനുള്ളില്‍വെച്ച് കറിക്കത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ച് തലയറത്തു കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം നടത്തിയതിന് ശേഷം അടുത്ത ദിവസം രാവിലെ കുഞ്ഞുമായി മാന്നാര്‍ പൊലീസ് സ്‌റ്റേഷനിലെത്തി ഇയാള്‍ കുറ്റസമ്മതം നടത്തിയപ്പോഴാണ് നാടിനെ നടുക്കിയ അരുംകൊല പുറംലോകം അറിഞ്ഞത്.
പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിഞ്ഞ കുട്ടികൃഷ്ണന്‍ ജാമ്യത്തിലിറങ്ങിയ ശേഷം മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 1 ല്‍ വിസ്താര നടപടികള്‍ക്കായി കേസ് അവധിക്ക് വെച്ച സമയം ഒളിവില്‍ പോകുകയായിരുന്നു.
ഒളിവില്‍ പോയ കുട്ടികൃഷ്ണനെ പിടികൂടാനായി നിരവധി തവണ പോലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടികൃഷ്ണനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പ്രതി ഒളിവില്‍ പോയിട്ട് 14 വര്‍ഷമായ കേസില്‍ പ്രതിയെ പിടികൂടികൂടുന്നതിനായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി. എം.കെ. ബിനുകുമാര്‍ മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യു, എസ്.ഐ. അഭിരാം സി.എസ്, സ്പിഒമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുണ്‍ ഭാസ്‌ക്കര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്.
🟩 പോലീസ് സംഘത്തിന്റെ അന്വേഷണ വഴികള്‍
കുട്ടികൃഷ്ണന്‍ ഒളിവില്‍ പോയതില്‍ പിന്നെ വീട്ടുകാരുമായോ, ബന്ധുക്കളുമായോ, സുഹൃത്തുക്കളുമയോ ബന്ധം പുലര്‍ത്താതെയിരുന്ന പ്രതിയെ കണ്ടെത്താനായി നടത്തിയ അന്വേഷണത്തില്‍ ഒളിവില്‍ പോയ പ്രതി ഒരു സുഹൃത്ത് വഴി ഈരാറ്റുപേട്ട സ്വദേശിയായ ജ്യോതിഷ പണ്ഡിതനുമായി പരിചയത്തിലാകുകയും അയാളുടെ കൂടെ കട്ടപ്പനയില്‍ ഒരു ലോഡ്ജില്‍ താമസിക്കുന്നുണ്ട് എന്ന് വിവരം കിട്ടി തിരക്കി ചെന്നെങ്കിലും ജ്യോതിഷന്‍ മരിച്ചു പോയതിനെ തുടര്‍ന്ന് കട്ടപ്പനയില്‍ നിന്നും ഒറീസ്സയിലേക്ക് പോയെന്നും അറിഞ്ഞു.
🟩 അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക്
ഇയാള്‍ ടയര്‍ റിട്രേഡിങ് ജോലി ചെയ്ത് ഒറീസയിലുണ്ട് എന്ന് മനസ്സിലാക്കി ഒറീസയില്‍ എത്തി എല്ലാ ടയര്‍ ട്രെഡിങ് കമ്പിനികളിലും അനേഷണം നടത്തിയതില്‍ പ്രതി പല കമ്പിനികളിലും കൂടാതെ സെക്യൂരിറ്റി സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്നതായും അതിന്റെ കൂടെ ഷെയര്‍ മാര്‍ക്കറ്റ് ഓണ്‍ലൈന്‍ ട്രേഡ് ബിസിനസ് ചെയ്യുന്നതിനായും അറിഞ്ഞു.
അടുത്ത കാലത്തായി ഒറീസയിലുള്ള കമ്പനികളിലൊന്നും കണ്ടിട്ടില്ലന്നും ഷെയര്‍ ബിസിനസുമായി ബന്ധപ്പെട്ടു ഇടയ്ക്ക് മുംബയില്‍ പോകാറുണ്ടായിരുന്നുവെന്ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈയില്‍ ഷെയര്‍ മാര്‍ക്കറ്റിംഗ് കമ്പനികളില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.
തുടര്‍ന്ന് നടത്തിയ അനേഷണത്തില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ബിസിനസ് നടത്തി സാമ്പത്തിക നഷ്ടം വന്ന കുട്ടികൃഷ്ണന്‍ മുംബൈയില്‍ നിന്ന് എറണാകുളം കളമശ്ശേരി സ്വദേശിയ്‌ക്കൊപ്പം പോയെന്നും കിട്ടിയ വിശ്വാസയോഗ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലുള്ള ഷെയര്‍ മാര്‍ക്കറ്റിംഗ് ബിസിനസ് നടത്തുന്നവരില്‍ നിന്നും കിട്ടിയ വിവരത്തെ തുടര്‍ന്ന് നടത്തിയ അനേഷണത്തിലാണ് കുട്ടികൃഷ്ണനെ കളമശ്ശേരിയില്‍ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
🟩 തൃക്കാക്കരയില്‍ വാസ്തു നോട്ടവും, ജ്യോതിഷവും
അന്വേഷണത്തില്‍ നിന്നും 2014 മുതല്‍ തൃക്കാക്കരയില്‍ വിവിധ ലോഡ്ജുകളില്‍ താമസിച്ചു കൊണ്ട് കട്ടപ്പനയില്‍ താമസിക്കുമ്പോള്‍ ജ്യോതിഷ സുഹൃത്തില്‍ നിന്നും പഠിച്ചെടുത്തു വാസ്തു നോട്ടവും, ജ്യോതിഷവും, പാര്‍ട്ട് ടൈം ആയി ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് കൃഷ്ണകുമാര്‍, കൃഷ്ണന്‍കുട്ടി, കെ.കെ എന്നിങ്ങനെ പല പേരുകളില്‍ കഴിഞ്ഞുവരികയാണെന്ന് കണ്ടെത്തി.
പോലീസ് പിടിക്കാതിരിക്കാന്‍ പ്രാര്‍ത്ഥനയും, നിരാഹാര വ്രതവും ജ്യോതിഷത്തില്‍ കടുത്ത വിശ്വസിയായിരുന്നതിനാല്‍ കേസില്‍ ശിക്ഷിക്കപ്പെടും എന്ന തോന്നലുണ്ടായപ്പോള്‍ സുഹൃത്തായ ജ്യോതിഷന്റെ ഉപദേശം പ്രകാരം ഒളിവില്‍ പോയാല്‍ പ്രാര്‍ത്ഥനയും, നിരാഹാര വ്രതവുമെടുത്താല്‍ ഒരിക്കലും പോലീസ് കണ്ടുപിടിക്കില്ല എന്നുള്ള സുഹൃത്തിന്റെ ഉപദേശം കൊണ്ട് ഒളിവില്‍ പോയതാണെന്നും 14 വര്‍ഷത്തോളം പോലീസ് പിടിക്കാതിരുന്നതിനാല്‍ ഒരിക്കലും പോലീസ് പിടിക്കില്ല എന്നാണ് ഇയാള്‍ വിശ്വസിച്ചത്.