പരുമല: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ബാലകര്‍ഷക അവാര്‍ഡിന് ഇവാന്‍ വൈക്കത്തുശ്ശേരി അര്‍ഹനായി.
മലങ്കര ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷ്യന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതിയന്‍ കാതോലിക്കാ ബാവയും കേരള നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീറും ചേര്‍ന്ന് അവാര്‍ഡ് നല്‍കി.
സഭ സുന്നഹദോസ് സെക്രട്ടി ഡോ യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്താ, സഭ സെക്രട്ടി അഡ്വ ബിജു ഉമ്മന്‍, സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, സൗഹൃദ വേദി ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള, സഭ അത്മായ ട്രസ്റ്റി റോണി ഏബ്രഹാം വര്‍ഗീസ് തുടങ്ങിയവര്‍ അഭിനന്ദിച്ചു.
കാര്‍ഷിക മേഖലയില്‍ വ്യത്യസ്തനായി തീര്‍ന്ന ഇവാന്‍ പുത്തന്‍ സംസ്‌കാരത്തിന് തുടക്കമിട്ടാണ് വെള്ളപ്പൊക്കം ഉണ്ടാക്കുന്ന അപ്പര്‍ കുട്ടനാട്ടില്‍ ഇവിടെ വിളയാത്ത കാര്‍ഷിക സംസ്‌കാരത്തെ കൈ പിടിച്ച് ഉയര്‍ത്തുന്നത്.
പ്രളയവും വെള്ളപ്പൊക്കവും മൂലം അപ്പര്‍ കുട്ടനാട്ടിലെ കാര്‍ഷിക വിളഭൂമി തരിശായി കിടക്കുമ്പോഴാണ് തന്റെ വീട് നില്‍ക്കുന്ന പതിനാല് സെന്റ് ഭൂമിയില്‍ വീട് ഒഴിച്ചുള്ള സ്ഥലത്ത് ഇവാന്‍ കൃഷിയെ പരിപോഷിപ്പിക്കുന്നത്. അതും അപ്പര്‍ കുട്ടനാട്ടില്‍ വിളയില്ലെന്ന് പറയുന്ന കൃഷികളാണ് ഇവാന്‍ ചെയ്യുന്നതും.
ചോളം, വെളുത്തുള്ളി തുടങ്ങിയവ കൃഷി ചെയ്യ്താണ് ഈ കുട്ടി കര്‍ഷകന്‍ ശ്രദ്ധേയനായത്. ഇത് കൂടാതെ 2020ല്‍ കൊറോണ പൊട്ടി പുറപ്പെട്ട് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് സംസ്ഥാനത്ത് ആദ്യമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുക്കയിലെ പണം നല്‍കിയും ഇവാന്‍ തന്റെ സാമൂഹിക പ്രതിബന്ധത ഉയര്‍ത്തിയിരുന്നു.
ഇവാനെ അഭിനന്ദിക്കാന്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അലക്‌സ് തെക്കനാട്ടില്‍ മാധ്യമ പ്രവര്‍ത്തകരായ നിഖില്‍ രാജ്, സിബി അഞ്ഞിലിത്താനം, വേണു തുടങ്ങിയവരും എത്തി.
മാധ്യമ പ്രവര്‍ത്തകന്‍ ജിജു വൈക്കത്തുശ്ശേരിയുടെയും പൊതുപ്രവര്‍ത്തക ബിന്ദു ജെ. വൈക്കത്തുശ്ശേരിയുടെയും മകനാണ് നിരണം മാര്‍ത്തോമ്മന്‍ വിദ്യാപീഠം പബ്ലിക് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇവാന്‍. ക്രിസ്റ്റിയാണ് ഏക സഹോദരന്‍