ബെയ്‌റൂട്ട് ▪️ ലെബനനിലുണ്ടായ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 270 കടന്നു. 1000 പേര്‍ക്കാണ് പരിക്കേറ്റത്.
ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്. ആക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ രണ്ട് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. ആശുപത്രികള്‍, സകൂളുകള്‍, മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്.
തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ പാലായനം തുടരുകയാണ്. അതേസമയം ലെബനനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണം എല്ലാ അര്‍ത്ഥത്തിലും വംശഹത്യയാണെന്ന് ലെബനന്‍ താത്ക്കാലിക പ്രധാനമന്ത്രി നജീബ് മികാതി പ്രതികരിച്ചു. ഇസ്രയേല്‍ നടത്തുന്ന സൈക്കോളജിക്കല്‍ വാര്‍ ആണെന്നാണ് നിയമസഭാംഗത്തിന്റെ പ്രതികരണം.
നേരത്തെ പ്രദേശവാസികളുടെ ഫോണിലേക്ക് തുറന്ന യുദ്ധത്തിലേക്ക് കടക്കുകയാണെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നുമുള്ള മെസേജുകള്‍ വന്നിരുന്നു.
ഇതിന് പിന്നാലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ജനങ്ങള്‍ മാറിയിരുന്നു. എന്നാല്‍ ഇത്തരം പ്രദേശങ്ങളില്‍ ആക്രമണം നടത്തുകയാണ് ഇസ്രയേല്‍. ലെബനനില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
നിലവില്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ പോലുള്ളവ ഒഴിച്ച് മറ്റ് ചികിത്സകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. ലെബനനില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ചൈന പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.