
ചെങ്ങന്നൂര്‍ ▪️ കിഴക്കേനട സര്‍വ്വീസ് സഹകരണ ബാങ്കില്‍ കോടികളുടെ സാമ്പത്തിക നഷ്ടവും ക്രമക്കേടുകളും അനധികൃത നിയമനവും നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി.
ചെങ്ങന്നൂര്‍ ളാകശ്ശേരി വേങ്ങൂര്‍ വീട്ടില്‍ രമേശ് ബാബുവാണ് ആലപ്പുഴ വിജിലന്‍സ് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്. തുടര്‍ നടപടികള്‍ക്കായി വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി കൈമാറി.
ചെങ്ങന്നൂര്‍ കിഴക്കേനട സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍. രാധാകൃഷ്ണന്‍, സെക്രട്ടറി സുഷമ, മധു കരിപ്പാലില്‍, മുന്‍ പ്രസിഡന്റ് പ്രേംലാല്‍, സഹകരണസംഘം അസി. രജിസ്ട്രാര്‍ (ജനറല്‍) അനില്‍ കുമാര്‍, മുന്‍ സെക്രട്ടറി മധു എന്നിവര്‍ക്കെതിരെയാണ് പരാതി.
പരാതിയില്‍ പറയുന്നതിങ്ങനെ…
പലരുടേയും ആധാര്‍ കാര്‍ഡുകളും ഇലക്ഷന്‍ ഐ.ഡികളും ഉപയോഗിച്ച് യഥാര്‍ത്ഥ ഉടമസ്ഥര്‍ അറിയാതെ ലക്ഷക്കണക്കിനു രൂപ ലോണ്‍ എടുത്ത് ധൂര്‍ത്തു കാണിച്ച് ബാങ്കില്‍ പലരുമിട്ടിരുന്ന ഡിപ്പോസിറ്റുകള്‍ തിരിമറി നടത്തി ബാങ്കിന് 1,79,65,843/- രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും കൂടാതെ 1,00,54,756/- രൂപായുടെ ക്രമക്കേടുകള്‍ നടത്തി.
ഏകദേശം 3 കോടിയോളം രൂപ സാമ്പത്തിക ക്രമക്കേട് നടത്തുകയും ഓഡിറ്റിംഗില്‍ കണ്ടെത്തുകയും ചെയ്തിട്ടും രണ്ട് വര്‍ഷക്കാലമായി നിയമപ്രകാരം വിവരം പോലീസിനെ അറിയിക്കുകയോ, തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
ഇപ്പോഴെത്ത കമ്മറ്റി പല പിന്‍വാതില്‍ നിയമനങ്ങളും നിയമിച്ചവര്‍ക്ക് നിയമപരമല്ലാത്ത പ്രമോഷനുകളും നല്‍കിക്കൊണ്ട് മുന്നോട്ടു പോവുകയാണന്നും ചിലര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജി വച്ച് ഭാര്യയെ ബാങ്കില്‍ ജോലിക്ക് കയറ്റി.
55 ഓളം പേര്‍ ബാങ്കിലേ ക്കുള്ള പ്യൂണ്‍ തസ്തികയില്‍ പരീക്ഷ എഴുതുകയും എന്നാല്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച ആരെയും തന്നെ ജോലിയില്‍ പ്രവേശിപ്പിക്കാതെ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിന്റെ ഭാര്യയെ ഇന്റര്‍വ്യൂ നടത്തി പാസ്സായി എന്നു കാണിച്ച് പ്യൂണ്‍ ആയി ബാങ്കില്‍ നിയമിച്ചതായും ആരോപിക്കുന്നു.
കേരള സഹകരണസംഘം നിയമ പ്രകാരം സഹകരണ സ്ഥാപനങ്ങളിലെ പൊതുധനത്തിന്റെയോ, ആസ്തികളുടേയോ തിരിമറികള്‍ ശ്രദ്ധയില്‍െപ്പട്ടാല്‍ (തുകകള്‍ എത്ര തന്നെയായാലും) ജി.ഒ.(എം.എസ്) 22/74/വിഗ് 27.09.1974ലെ ഗവ. ഉത്തരവനുസരിച്ച് ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നതിന് ലോക്കല്‍ പോലീസിനെ അറിയിക്കണമെന്നും നിയമപ്രകാരം അനന്തര നടപടികള്‍ സ്വീകരിക്കണമെന്നും വ്യക്തമാക്കിയിട്ടും യാതൊരു നടപടികളും സ്വീകരിച്ചില്ല.
ഓഡിറ്റിംഗില്‍ ക്രമക്കേടുകള്‍ കണ്ടുപിടിച്ചുവെങ്കിലും ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പൂഴ്ത്തി വെച്ചിരിക്കുകയാണന്നും നിയമപ്രകാരം അസി. രജിസ്ട്രാര്‍ (ജനറല്‍) അനില്‍കുമാര്‍ പോലീസില്‍ പരാതി കൊടുക്കുവാനോ ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുവാനോ തയ്യാറായിട്ടില്ല. നിയമവിരുദ്ധമായി നിയമനങ്ങള്‍ നടക്കുന്ന കാര്യം യഥാസമയം ഫോണ്‍ മുഖേന ഓഫീസില്‍ അറിയിച്ചിട്ടും ഈ ഉദേ്യാഗസ്ഥന്റെ ഭാഗത്തു നിന്നും നടപടികള്‍ ഉണ്ടായില്ലെന്നും പരാതിക്കാരന്‍ പറയുന്നു.
2019ല്‍ ഒരു സെയിസ്മാന്‍ പെന്‍ഷന്‍ ആയപ്പോള്‍ ഇയാളുടെ ബന്ധുവിന് ജോലി കൊടുക്കുകയും പരാതി ഉയര്‍ന്നപ്പോള്‍ ഭരണസമിതി ഒരു വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടു കൂടി പ്രമോഷന്‍ കൊടുത്തതായും പറയുന്നു.
സൊസൈറ്റി നിയമത്തിലെ ക്ലാസിഫിക്കേഷന്‍ 5 അനുസരിച്ച് ഒരാള്‍ പെന്‍ഷനായാല്‍ രക്തബന്ധമുള്ള ഒരാളെ ആ തസ്തികയില്‍ നിയമിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥ ഉണ്ടായിട്ടും അസിസ്റ്റന്റ് രജിസ്റ്റാറിന്റെ ഒത്താശയോടെ നിയമനം നടത്തിയതായും പരാതിക്കാരനായ രമേശ് ബാബു പറഞ്ഞു.