ഫ്‌ളോറിഡ ▪️ ഇന്ത്യ വിന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ നാലാം മത്സരം ഇന്ന്. അമേരിക്കയിലെ ഫ്‌ലോറിഡയില്‍ രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക.
ഫ്‌ലോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഇന്ന് തോറ്റാല്‍ ടി20 പരമ്പര നഷ്ടമാവും. ജയിച്ചാല്‍ 22ന് ഒപ്പമെത്താം. മറുവശത്ത് വിന്‍ഡീസ് ആവട്ടെ നാലാം മത്സരത്തില്‍ തന്നെ പരമ്പര പിടിക്കാനാണ് ശ്രമിക്കുന്നത്.
മൂന്നാം മത്സരത്തില്‍ ഇന്ത്യ ഗംഭീര വിജയം നേടിയെങ്കിലും സമ്മര്‍ദ്ദം വിട്ടുമാറിയിട്ടില്ല. ജോര്‍ജ്ടൗണില്‍ നടന്ന മൂന്നാം ടി20യില്‍ ഏഴ് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സൂര്യകുമാര്‍ യാദവ് (83), തിലക് വര്‍മ (49) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് തുണയായത്.
ടി20യില്‍ അരങ്ങേറ്റം കുറിച്ച യശസ്വി ജയ്‌സ്വാള്‍ (1) നിരാശപ്പെടുത്തിയിരുന്നു. ശുഭ്മാന്‍ ഗില്ലിന് (6) ഒരിക്കല്‍കൂടി തിളങ്ങാന്‍ കഴിഞ്ഞില്ല. ഓപ്പണിംഗ് സ്ലോട്ട് തന്നെയാണ് ഇന്ത്യയെ കുഴക്കുന്നത്.
ജയ്‌സ്വാള്‍ ഇന്നും സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇഷാന്‍ കിഷന്‍ പുറത്തിരിക്കേണ്ടി വരും. വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍ തുടരും. ബൗളിംഗ് നിരയിലും മാറ്റത്തിന് സാധ്യതയില്ല. വിന്‍ഡീസ് നിരയില്‍ നിക്കോളാസ് പുരാന്‍ ഒഴികെ മറ്റാര്‍ക്കും സ്ഥിരതയില്ല.
പരിക്കില്‍ നിന്ന് മുക്തനായാല്‍ ജേസണ്‍ ഹോള്‍ഡര്‍ ടീമില്‍ തിരിച്ചെത്തും. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു കെയ്ന്‍ മെയേഴ്‌സിനും ഷിംറോണ്‍ ഹെറ്റ്‌മെയറിനും സ്വതസിദ്ധമായ ശൈലിയിലേക്ക് ഉയരാന്‍ കഴിയുന്നില്ല.
നായകന്‍ റോവ്മാന്‍ പവലും അവസരത്തിനൊത്ത് ഉയരുന്നില്ല. മൂന്ന് സ്പിന്നര്‍മാരുമായി കളിക്കാനെത്തുന്ന ഇന്ത്യയെ പ്രതിരോധിക്കുക വിന്‍ഡീസ് മധ്യനിര താരങ്ങളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരിക്കും.