ഹാങ്ചൗ ▪️ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നില 50 കടന്നു. 13 സ്വര്‍ണമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 53ലേക്ക് എത്തി.
21 വെള്ളിയും 19 വെങ്കലവും ഏഷ്യന്‍ ഗെയിംസ് പകുതി ദിവസം പിന്നിടുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞു. മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. 130 സ്വര്‍ണമുള്ള ചൈനയാണ് പട്ടികയില്‍ ഒന്നാമത്.
ഗോള്‍ഫില്‍ ഇന്ത്യന്‍ വനിത താരം അദിതി അശോക് നേടിയ വെള്ളി മെഡലോടെയാണ് ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിവസം ഇന്ത്യ തുടങ്ങിയത്. പിന്നാലെ പുരുഷന്‍മാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തില്‍ ഇന്ത്യ സ്വര്‍ണം സ്വന്തമാക്കി.
കിയാനന്‍ ചെനായ്, സൊരാവര്‍ സിങ് സന്ധു, പൃഥ്വിരാജ് ടൊണ്‍ഡയ്മാന്‍ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്കായി സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. 361 പോയന്റോടെയാണ് പുരുഷ ടീം സ്വര്‍ണം നേടിയത്. വ്യക്തിഗത ഇനത്തില്‍ കിയാനന്‍ ചെനായ് വെങ്കലം മെഡലും ഇന്ത്യയ്ക്ക് നേടിത്തന്നു.
വനിതാ വിഭാഗം ട്രാപ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ ടീം വെള്ളിയും നേടി. മനീഷ കീര്‍, പ്രീതി രാജക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ ടീമിനാണ് വെള്ളി മെഡല്‍ നേട്ടം. 337 പോയന്റോടെയാണ് ഇന്ത്യന്‍ സംഘം വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ഷൂട്ടിങ്ങില്‍ മാത്രം ഇന്ത്യന്‍ താരങ്ങള്‍ നേടിയത് 22 മെഡലുകളാണ്.
പുരുഷന്മാരുടെ 1500 മീറ്റര്‍ സ്റ്റീപ്പിള്‍ചേയ്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ വെള്ളി മെഡലും വെങ്കലവും നേടി. അജയ് കുമാര്‍ സരോജ് വെള്ളി നേടിയപ്പോള്‍ മലയാളിയായ ജിന്‍സണ്‍ ജോണ്‍സണാന് വെങ്കലം നേടിയത്. വനിതകളുടെ 1500 മീറ്ററില്‍ ഹര്‍മിലന്‍ ബെയിന്‍സ് വെള്ളി മെഡല്‍ സ്വന്തമാക്കി.
100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ജ്യോതി യാരാജി വെള്ളി മെഡല്‍ നേടി. വനിതകളുടെ ഹെപ്റ്റത്തലോണിലും ഡിസ്‌കസ് ത്രോയിലും ബോക്‌സിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ വെങ്കല മെഡലുകള്‍ സ്വന്തമാക്കി.
ഹെപ്റ്റത്തലോണില്‍ നന്ദിനി അഗസാരയാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. സീമ പൂനിയ ഡിസ്‌കസ് ത്രോയിലും ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ നേടിത്തന്നു. ബോക്‌സിങ്ങില്‍ നിഖത് സരീന്‍ ആണ് വെങ്കലം സ്വന്തമാക്കിയത്.