ചെങ്ങന്നൂര്‍ ▪️ ഐഎച്ച്ആര്‍ഡിയുടെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാത്ത മാനേജ്‌മെന്റിന്റെയും സര്‍ക്കാരിന്റെയും നിഷേധാത്മക നടപടി പ്രതിഷേധാര്‍ഹവും മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ഐഎച്ച്ആര്‍ഡി റിട്ടയേര്‍ഡ് എംപ്ലോയിസ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം ആരോപിച്ചു.
ഐഎച്ച്ആര്‍ഡി റിട്ടയേര്‍ഡ് ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ഹൈക്കോടതി വിധി ഉണ്ടായിട്ടും പേ റിവിഷന്‍ കുടിശിക പോലും നല്‍കിയിട്ടില്ല.
ഇക്കാര്യത്തിലുള്ള കോടതി വിധിയെപ്പോലും കാറ്റില്‍പ്പറത്തിയുള്ള ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും സംഘടനാ ഭാരവാഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ കാലവിളംബം കൂടാതെയുള്ള അനുകൂല നടപടി ഉണ്ടാകാത്ത പക്ഷം ഐഎച്ച്ആര്‍ഡി ആസ്ഥാനത്ത് സത്യഗ്രഹം ഉള്‍പ്പെടെയുള്ള പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.
ഐഎച്ച്ആര്‍ഡി റിട്ടയേര്‍ഡ് എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.ബി. യശോധരന്‍ യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി കെ. സദാശിവന്‍ അധ്യക്ഷനായി .
എ.ജി ഡേവിഡ്, വി.എസ് ഖദീജ, ജെ. ഹാഷിം, എസ്.സുനില്‍, പി.കെ മജീദ് , വി.ജി സുരേഷ് കുമാര്‍, ഖരീം, പി.സി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ച്ചില്‍ എറണാകുളത്തു വെച്ചു സംസ്ഥാന സമ്മേളനം നടത്തുവാനും യോഗം തീരുമാനിച്ചു.