
തിരുവനന്തപുരം ▪️ബിബിസി ഡോക്യുമെന്റി വിവാദത്തില്‍ നിലപാടിലുറച്ച് അനില്‍ ആന്റണി. തന്നെ വളഞ്ഞിട്ട് ആക്രമിച്ചവര്‍ രാജ്യത്തോട് മാപ്പു പറയേണ്ടി വരുന്ന ഒരു കാലം വരുമെന്ന് അനില്‍ ആന്റണി തുറന്നടിച്ചു.
വിഘടനവാദികളായ ഒരു മാധ്യമസ്ഥാപനത്തിന്റെ (ബിബിസി) കൂടെ നിന്ന്, ഇന്ത്യയുടെ താല്‍പര്യത്തിന് എതിരായി പ്രവര്‍ത്തിക്കുകയും, രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചവരുമാണിവര്‍. ഇന്ത്യന്‍ ജനതയോട് ഇന്നലെങ്കില്‍ നാളെ ഇവര്‍ മാപ്പ് പറയേണ്ടി വരുമെന്നും അനില്‍ പറഞ്ഞു.
ബിബിസി വിഷയത്തില്‍ തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നു, എന്നാല്‍ പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികളുടെ പേര് പറയുന്നില്ല. ഇന്ത്യയെ ദുര്‍ബലപ്പെടുത്താനാണ് ബിബിസി ഡോക്യുമെന്ററി വിഷയത്തില്‍ തന്നെ എതിര്‍ത്തവര്‍ ശ്രമിച്ചത്.
കേരളത്തിലുള്‍പ്പടെ ഉയര്‍ന്ന പ്രതികരണം ആസൂത്രിതമാണ്. രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും എതിര്‍ത്തവരാണ് തന്നെയും എതിര്‍ത്തതെന്നും അനില്‍ ആരോപിച്ചു. ഇന്നത്തെ കോണ്‍ഗ്രസുമായി സഹകരിക്കാനാവില്ലെന്നും അനില്‍ പറഞ്ഞു.
ബിജെപിയില്‍ ചേരില്ലെന്ന് വ്യക്തമാക്കിയ അനില്‍, അത്തരം പ്രചാരണം പ്രചാരണം അസംബന്ധമാണെന്നും പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണ്. അത് കൊണ്ട് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു.
മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാന്‍ ഞാനില്ല. ഒരു രാഷ്ട്രീയത്തിലേക്കുമില്ല. പ്രധാനമന്ത്രിമാര്‍ വരും പോകും. പക്ഷേ രാജ്യം ശാശ്വതമാണ്. രാജ്യതാല്‍പര്യത്തിന് മുകളില്‍ മറ്റൊരു രാഷ്ട്രീയമില്ല. രാജ്യതാല്‍പ്പര്യമാണ് വലുത്. രാജ്യതാല്പര്യത്തിനായി പ്രധാനമന്ത്രി ഉള്‍പ്പടെ ആരുമായും നില്‍ക്കാന്‍ തയ്യാറാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേരളത്തില്‍ ശശി തരൂരിനെ കോണ്‍ഗ്രസ് പരിഗണിക്കുന്നതിനോടും അനില്‍ പ്രതികരിച്ചു. 2026 ല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ശശി തരൂരിന് അര്‍ഹതയുണ്ട്. അദ്ദേഹമതിന് യോഗ്യനുമാണ്.
പക്ഷേ തരൂരിനോട് പാര്‍ട്ടി കാട്ടുന്ന നിലപാടില്‍ താന്‍ നിരാശനാണ്. നേരത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം പ്രഖ്യാപിച്ച വേളയില്‍ ശശി തരൂരിന് താന്‍ പിന്തുണ പ്രഖ്യാപിച്ചതില്‍ ചിലര്‍ക്കെല്ലാം അതൃപ്തിയുണ്ടായിട്ടുണ്ട്. അതും വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
തരൂരിനൊപ്പം 2019 മുതലാണ് താന്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. അതിനും പത്ത് വര്‍ഷം മുമ്പ് മുതല്‍ തന്നെ എനിക്ക് അദ്ദേഹത്തെ പരിചയമുണ്ട്. ഞാനേറ്റവും ബഹുമാനിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. നരേന്ദ്രമോദിക്ക് ബദലായി കോണ്‍ഗ്രസിനെ സജീകരിക്കാന്‍ തരൂരിന് കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് കോണ്‍ഗ്രസിനെ നവീകരിക്കാന്‍ കഴിയുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം വിജയിച്ചില്ല. എന്നിരുന്നാലും അദ്ദേഹമുണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്. കേരളത്തിലാണെങ്കിലും ഇന്ത്യയിലാണെങ്കിലും അദ്ദേഹം എല്ലാ പദവിക്കും അര്‍ഹനാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും അനില്‍ പറഞ്ഞു.