✍️ഫിലിപ്പ് ജോണ്‍
ചെങ്ങന്നൂര്‍ ▪️ കയറിക്കിടക്കാന്‍ ഒരു കൂര പോലുമില്ലാതെ പ്ലാസ്റ്റിക് പടുത വലിച്ചു കെട്ടി ചാക്കും തകര ഷീറ്റും ചുറ്റുമറയാക്കി കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച് രാത്രികളില്‍ ഉറക്കം നഷ്ടപ്പെടുന്ന ഒരു കുടുംബം.
പുലിയൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കുളഞ്ഞിത്തറ അജി വിലാസം വീട്ടില്‍ ആരതി അജികുമാറിന്റേതാണ് ഈ കുടുംബം.
വാസയോഗ്യമല്ലാത്ത വീടിന്റെ അവസ്ഥയ്ക്കു പുറമെ ജന്മനാ പിടിപ്പെട്ട മാനസിക ശാരീരിക വെല്ലുവിളികളും ഈ കുടുംബത്തെ വേട്ടയാടുമ്പോള്‍ അതിജീവനത്തിനു വഴിയില്ലാതെ ഇവര്‍ ജീവിതത്തിനു മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ്.
ഗൃഹനാഥനായ അജികുമാര്‍ (47), ഏക മകള്‍ ആരതി (17 ) എന്നിവരാണ് വിധി സമ്മാനിച്ച വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നത്.
ജന്മനാ പിടിപെട്ട മാനസിക വൈകല്യവും അപസ്മാര രോഗവും മൂര്‍ച്ചിച്ചതു കാരണം അജികുമാറിന് ജോലിക്കു പോകാന്‍ കഴിയുന്നില്ല. നല്ല അധ്വാനിയായിരുന്നു. കുടുംബം പുലര്‍ത്താന്‍ കിട്ടുന്ന ഏതു ജോലിയും ചെയ്തുവരികയായിരുന്നു.
എന്നാല്‍ ജന്മനായുള്ള അപസ്മാരം കുറേക്കാലമായി ഇടവേളകളില്ലാതെ ഉണ്ടാകുന്നു. ഇതു മൂലം ശാരീരികവും മാനസികവുമായി മറ്റ് പല അസ്വസ്ഥതകളും നേരിടുന്നു. ഇക്കാരണത്താല്‍ ജോലി ചെയ്യാന്‍ കഴിയുന്നില്ല.
പതിനേഴുകാരിയായ ഏക മകള്‍ക്കുമുണ്ട് അപസ്മാരവും മറ്റു ചില ആരോഗ്യ പ്രശ്‌നങ്ങളും. ഇക്കാരണത്താല്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തുടര്‍ പഠനം പോലും ഉപേക്ഷിക്കേണ്ടതായി വന്നു.
രണ്ടു വര്‍ഷം മുമ്പ് ഉയര്‍ന്ന മാര്‍ക്കോടെ പുലിയൂര്‍ ഗവ.ഹൈസ്‌കൂളില്‍ നിന്നും പത്താം ക്ലാസ് പാസ്സായതാണ്. ഇപ്പോഴും തുടര്‍ പഠനം ആഗ്രഹിക്കുന്നുണ്ടെങ്കിലും പ്രതികൂല ജീവിത സാഹചര്യങ്ങള്‍ അതിനനുവദിക്കുന്നില്ല.
അജികുമാറും മകളും ഒരു ന്യൂറോഫിസിഷ്യന്റെ സ്ഥിരം ചികിത്സയിലാണ്. രണ്ടു പേര്‍ക്കും കൂടി ചികിത്സയ്ക്കുതന്നെ പ്രതിമാസം നാലായിരത്തോളം രൂപ വേണ്ടി വരും.
അജികുമാറിന്റെ ഭാര്യ രാജലക്ഷ്മി (37) കൂലിവേല ചെയ്ത് കിട്ടുന്ന ചെറിയവരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം.
ഈ വരുമാനം കൊണ്ടു വേണം ഭര്‍ത്താവിന്റെയും മകളുടെയും ചികിത്സാ കാര്യങ്ങളടക്കം വീട്ടുചിലവുകളെല്ലാം നിര്‍വഹിക്കാന്‍.
അതിനിടെ അടച്ചുറപ്പുള്ള ഒരു വീട് വേണമെന്നുള്ളത് കുടുംബത്തിന്റെ നീറുന്ന വേദനയായി അവശേഷിക്കുകയാണ്. അടച്ചുറപ്പുള്ള ഒരു വീടിനു വേണ്ടിയുള്ള കാത്തിരിപ്പു തുടങ്ങിയിട്ട് ഏറെ നാളുകളായി.
ഇതിനു വേണ്ടി മുട്ടാത്ത വാതിലുകളില്ല. ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളിലെല്ലാം നിരവധി തവണ അപേക്ഷ നല്‍കിയെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. കാത്തിരിക്കാനാണു മറുപടി.
അതേസമയം ഏതു നിമിഷവും നിലം പതിക്കാവുന്ന കൂരയ്ക്കുള്ളില്‍ ആരോടും പരാതിയും പരിഭവങ്ങളുമില്ലാതെ രോഗത്തോടൊപ്പം ദാരിദ്ര്യവും നേരിടുന്ന ഈ നിര്‍ധന കുടുംബത്തിന് നാട്ടുകാര്‍ നല്‍കുന്ന ചെറിയ സഹായങ്ങളാണ് കുറച്ചെങ്കിലും ആശ്വാസമാകുന്നത്.
എങ്കിലും രോഗിയായ ഭര്‍ത്താവിനും പ്രായപൂര്‍ത്തിയായ മകള്‍ക്കും സാന്ത്വന പരിചരണവും ആത്മവിശ്വാസവും നല്‍കുമ്പോഴും ഗൃഹനാഥയായ രാജലക്ഷ്മിക്ക് മാനത്ത് മഴക്കാറു കാണുമ്പോള്‍ സര്‍വ്വ ധൈര്യവും ചോര്‍ന്നുപോകും.
പിന്നെ സുരക്ഷിതമല്ലാത്ത വീട്ടില്‍ മകളെ ചേര്‍ത്തു പിടിച്ച് സകല ദൈവങ്ങളേയും വിളിച്ചുകഴിയും. കണ്ണുള്ള അധികാരികള്‍ കാണാതെ പോകുമ്പോഴും ഒരിക്കലും കണ്ടിട്ടില്ലാതെ ദൈവത്തെ വിളിച്ച് കാത്തിരിക്കാന്‍ മാത്രമാണ് ഇവരുടെ വിധി. ഇനിയെത്ര നാള്‍ ഈ കാത്തിരിപ്പ് തുടരും…