ചെങ്ങന്നൂര്‍ ▪️ സെന്‍ട്രല്‍ ഹാച്ചറിയില്‍ വളര്‍ത്തുപക്ഷികള്‍ക്ക് പക്ഷിപ്പനി രോഗം ബാധിച്ച് കള്ളിംഗ് നടത്തിയതോടെ ഹാച്ചറി ക്ലീനായി. ഇതോടെ കോഴിവളര്‍ത്തല്‍ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തി.
മുഴുവന്‍ വളര്‍ത്തുപക്ഷികളേയും കൊന്നൊടുക്കി മറവ് ചെയ്തതിനു പിന്നാലെ കൂടുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.
പക്ഷിപ്പനി ബാധയെ തുടര്‍ന്ന് 26ന് ആരംഭിച്ച കള്ളിംഗ് പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചു. 10,616 വളര്‍ത്തുപക്ഷികള്‍, 14,418 മുട്ട, 30 ടണ്‍ കോഴിവളം, 70 ടണ്‍ തീറ്റ എന്നിവയാണ് നശിപ്പിച്ചത്.
പുലിയൂര്‍ പഞ്ചായത്ത്-538, ആലാ പഞ്ചായത്ത്-475, ചെങ്ങന്നൂര്‍ നഗരസഭ-136 എന്നിങ്ങനെയാണ് ആദ്യ ദിവസം കള്ളിംഗിന് വിധേയമാക്കിയത്.
രണ്ടാം ദിവസം 15 വീടുകളില്‍ നിന്നായി 108 കോഴികളേയും ഒരു താറാവിനേയും കണ്ടെത്തി കള്ളിംഗ് നടത്തി.
കൂടും പരിസരവും വൃത്തിയാക്കിയ ശേഷം കൂടുകളുടെ ഇരുമ്പ് നെറ്റുകളിലും മറ്റ് ഇരുമ്പ് നിര്‍മ്മിതികളിലുമെല്ലാം അണുനശീകരണത്തിനായി ഫ്‌ളെയ്മിംഗ് നടത്തി.
ഹാച്ചറി പരിസരങ്ങളെല്ലാം മരുന്ന് തളിച്ച് അണുനശീകരണം നടത്തി. തറയും ഭിത്തിയും കുമ്മായം തളിച്ച് വൈറ്റ് വാഷ് ചെയ്തു അടച്ചിടും.
ഇതെല്ലാം ഇന്ന് വൈകിട്ടോടെ പൂര്‍ത്തിയായി.
കള്ളിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ച ഫാം ജീവനക്കാര്‍, ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരടങ്ങിയ 80ഓളം പേര്‍ വീടുകളില്‍ 10 ദിവസം ക്വാറന്റീനില്‍ കഴിയും.