
ചെങ്ങന്നൂര്‍ ▪️ നഗരസഭയിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ദിവസവേതനം 350 രൂപ മാത്രമായി നിജപ്പെടുത്തുന്നതായി കൗണ്‍സില്‍ തീരുമാനമെടുത്തതില്‍ ഹരിത കര്‍മ്മ സേന തൊഴിലാളി യൂണിയന്‍ ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.
2019 മുതല്‍ തുച്ഛമായ സേവന വേതന വ്യവസ്ഥകളില്‍ തൊഴില്‍ ചെയ്യുന്ന ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് നിലവില്‍ 450 രൂപയോളം കിട്ടുന്ന തരത്തില്‍ പണം ശേഖരിച്ച് നഗരസഭയില്‍ അടയ്ക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് 750 രൂപയെങ്കിലും കിട്ടണമെന്നാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പകുതി വീടുകള്‍ പോലും ചെങ്ങന്നൂര്‍ നഗരത്തില്‍ യൂസര്‍ ഫീ അടയ്ക്കുന്നില്ല.
മുഴുവന്‍ വീടുകളില്‍ നിന്നും യൂസര്‍ ഫീ കിട്ടുന്ന തരത്തില്‍ ആളുകളെ ബോധവല്‍ക്കരിക്കുന്നതിനും നഗരസഭ മുന്‍കൈ എടുക്കുന്നില്ല. പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ചവ കയറ്റി അയക്കുന്നതില്‍ നിന്നും കിട്ടുന്ന തുകയും നഗരസഭ തൊഴിലാളികള്‍ക്ക് നല്‍കുന്നില്ല.
ഈ സാഹചര്യത്തില്‍ നിലവില്‍ തൊഴിലാളികള്‍ ശേഖരിച്ച് നഗരസഭയില്‍ അടക്കുന്ന തുകയും പ്ലാസ്റ്റിക്ക് വസ്തുക്കള്‍ കയറ്റി അയക്കുമ്പോള്‍ ലഭിക്കുന്ന തുകയും കണക്കാക്കി മുഴുവന്‍ തുകയും തൊഴിലാളികള്‍ക്ക് നല്‍കണമെന്നും, കൗണ്‍സില്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും യൂസര്‍ ഫീ കിട്ടുന്ന തരത്തില്‍ ബോധവല്‍ക്കരണം നടത്താന്‍ നഗരസഭ മുന്‍കൈ എടുക്കണമെന്നും കാട്ടി യൂണിയന്‍ ഏരിയാ കമ്മിറ്റി നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സൂസമ്മ എബ്രഹാമിന് നിവേദനം നല്‍കി.
യൂണിയന്‍ ഏരിയാ പ്രസിസണ്ട് എ.ജി അനില്‍കുമാര്‍, പി.ഡി സുനീഷ് കുമാര്‍, പൊന്നമ്മ രാജന്‍, സി.കെ ബിന്ദു, സിബി എന്നിവര്‍ നഗരസഭ ചെയര്‍പേഴ്‌സണുമായി ചര്‍ച്ച നത്തി.
അടിയന്തിര തീരുമാനം ഉണ്ടായില്ലെങ്കില്‍ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് വരാനാണ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.