ചെങ്ങന്നൂര്‍▪️ക്ഷേത്രദര്‍ശനങ്ങള്‍ ക്കിടയിലും ബസ് യാത്രയിലും കൃത്രിമ തിരക്ക് സൃഷ്ടിച്ച് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്തുവന്ന തമിഴ്‌നാട് സ്വദേശികളായ മൂന്ന് സ്ത്രീകളെ ചെങ്ങന്നൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു.
കോയമ്പത്തൂര്‍ പാപ്പനക്കല്‍പാളയം പള്ളിയാര്‍കോവില്‍ തെരുവില്‍ താമസക്കാരായ വേലമ്മ (48), സാറ (40), മേഘന (38) എന്നിവരാണ് പിടിയിലായത്.
ഡിസംബര്‍ ഒന്നിന് ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ പ്രസാദം വാങ്ങാനുള്ള തിരക്കിനിടയില്‍ ചെങ്ങന്നൂര്‍ സ്വദേശിനിയായ സുമയുടെ കഴുത്തില്‍ നിന്നും ഒന്നേമുക്കാല്‍ പവന്റെ സ്വര്‍ണാഭരണം കവര്‍ച്ച ചെയ്തതിന്റെ സി.സി.ടി.വി. ദൃശ്യം കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം തുടങ്ങിയത്.
അതിനിടെ വീണ്ടും ചെങ്ങന്നൂര്‍ അരീക്കര പറയരുകാല ദേവീ ക്ഷേത്രത്തിലെ ഗണപതിഹോമത്തിനിടയില്‍ രണ്ട് അമ്മമാരുടെ കഴുത്തില്‍നിന്നായി അഞ്ച് പവന്റെയും നാലുപവന്റെയും മാലകള്‍ ഇവര്‍ പൊട്ടിച്ചെടുത്തു കടന്നുകളഞ്ഞു.
പിന്നീട് കാരയ്ക്കാട് സ്വദേശിനിയായ പ്രിന്‍സിയുടെ കയ്യിലെ അരലക്ഷത്തോളം രൂപ ഇത്തരത്തില്‍ ഇവര്‍ ബസില്‍ വച്ച് കവര്‍ന്നു. ഈ പരാതിയിലും അന്വേഷണം നടന്നുവരികയായിരുന്നു. അങ്ങനെയിരിക്കെ ഇന്നലെ കരുനാഗപ്പള്ളിയില്‍ ബസിനുള്ളില്‍ മോഷണശ്രമം നടത്തുന്നതിനിടെ ഇവര്‍ അവിടെ പിടിയിലാകുകയായിരുന്നു.
തുടര്‍ന്ന് ചെങ്ങന്നൂരിലെ കേസുമായി ബന്ധപ്പെട്ട് ഇവരെ ചെങ്ങന്നൂരിലേക്ക് കൈമാറുകയായിരുന്നു. സ്ഥിരമായി ബസില്‍ കയറി കൃത്രിമതിരക്ക് സൃഷ്ടിച്ച് യാത്രക്കാരുടെ ബാഗില്‍ നിന്നും പണവും സ്വര്‍ണവും കവരുന്നത് ഇവരുടെ രീതിയാണ്.
കേരളത്തിലെ ഇരുപതോളം സ്‌റ്റേഷനുകളിലായി നൂറോളം കേസുകള്‍ ഇവര്‍ക്കെതിരെയുള്ളതായി പൊലിസ് അറിയിച്ചു.
എത്രയെല്ലാം കേസുകളില്‍ പിടിക്കപ്പെട്ടാലും ഇവരെ രക്ഷിക്കാന്‍ ഒരുവിഭാഗം അഭിഭാഷകര്‍ രംഗത്തുള്ളതാണ് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. ഹൈക്കോടതിയില്‍ ഇവര്‍ക്കായി ഹാജരാകുന്നത് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന പ്രമുഖ അഭിഭാഷകനാണെന്ന് അറിയുന്നു.
സി.ഐ. എ.സി വിപിന്‍, എസ്.ഐ. പ്രദീപ്, എസ്.ഐ സുരേഷ്‌കുമാര്‍, സിപിഒമാരായ ശ്യാംകുമാര്‍, റിനി, ബിന്ദു എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികൾക്കുവേണ്ടി അഡ്വ. വിഷ്ണു മനോഹർ ചെങ്ങന്നൂർ കോടതിയിൽ ജാമ്യ അപേക്ഷ നൽകി.
പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ചെങ്ങന്നൂർ പോലീസും അപേക്ഷ നൽകി.