ചെങ്ങന്നൂര്‍ ▪️ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിലേക്ക് ചെങ്ങന്നൂരിലെ പുത്തന്‍കാവ് എം.പി. യു.പി സ്‌കൂളും.
ആണ്‍-പെണ്‍ തുല്യത വാക്കുകളില്‍ മാത്രം ഒതുക്കേണ്ടതല്ലെന്നും, അത് പ്രവൃത്തിയിലൂടെ പതിയേണ്ടതാണെന്നും തെളിയിക്കുകയുമാണ് ചെങ്ങന്നൂരിലെ ഈ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയം.
പ്രഥമാധ്യപിക എസ്.റെജിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളും ആലോചനകളുമാണ് ഇത്തരത്തിലൊരു മാറ്റത്തിന് പ്രേരണയായത്. ആണ്‍ പെണ്‍ ഭേദമില്ലാതെ ഓടാനും ചാടാനും വാഹനത്തില്‍ കയറാനുമെല്ലാം ഏറെ സുഖകരമാണ് പുതിയ വേഷമെന്ന് വിദ്യാര്‍ഥികള്‍ ഒരേ സ്വരത്തില്‍ പറയുന്നു. ഇതോടെ പരിഷ്‌കാരം നടപ്പാക്കാന്‍ ചുക്കാന്‍ പിടിച്ച അധ്യാപകര്‍ക്കും പി.ടി.എയ്ക്കും സന്തോഷം.
പുരുഷേ മേധാവിത്വ സമൂഹത്തില്‍ ജന്‍ഡര്‍ യൂണിഫോം നടപ്പാക്കുന്നതുകൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. എന്നാല്‍ തുല്യത എന്ന ചിന്തയിലേക്ക് ആദ്യ പടിയെന്ന നിലയിലാണ് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരേ യൂണിഫോം നടപ്പിലാക്കുന്നതിന് സ്‌കൂള്‍ തീരുമാനിച്ചതെന്ന് പി.ടി.എ അറിയിച്ചു.
നേവിബ്ലു പാന്റ്‌സും ഇളം നീലയില്‍ വെള്ളവരയില്‍ കള്ളികളുള്ള (ചെക്ക്) ഷര്‍ട്ടുമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിനായി സ്‌കൂള്‍ സ്വീകരിച്ചിരിക്കുന്നത്.
പി.ടി.എ ഭാരവാഹികളുടേയും രക്ഷിതാക്കളുടേയും പൂര്‍ണ പിന്തുണ ഇക്കാര്യത്തില്‍ ലഭിച്ച തോടെ മിക്‌സഡ് സ്‌കൂളായ പുത്തന്‍കാവ് എം.പി.യു.പി.എസും തുല്യതയുടെ യൂണിഫോം അണിയുകയായിരുന്നു.
ഇനി ജെന്‍ഡര്‍ യൂണിഫോം നടപ്പിലാക്കിയ ചെങ്ങന്നൂരിലെ ആദ്യ സ്‌കൂള്‍ എന്ന നിലയിലും എം.പി.യു.പി.സ്‌കൂളിന് അഭിമാനിക്കാം.
ഒരു നൂറ്റാണ്ടിലേറെയായി വിദ്യാഭ്യാസ രംഗത്ത് നിറസാന്നിധ്യമായ മാര്‍ പീലക്‌സിനോസ് (എം.പി) യു.പി.സ്‌കൂളില്‍ ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസുകളിലായി 200 കുട്ടികളാണ് നിലവിലുള്ളത്. ഇവരില്‍ 90 പേര്‍ പെണ്‍കുട്ടികളാണ്. ജിക്കു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സ്‌കൂള്‍ പി.ടി.എ യും മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കുന്നുണ്ട്. സ്‌കൂള്‍ വളപ്പില്‍ ഒരുക്കിയിട്ടുള്ള ശലഭോദ്യാനം വേറിട്ട കാഴ്ചയാണ്.